കേരളത്തിലേക്കു കൂടുതല്‍ ട്രെയിന്‍ വേണം: വെസ്റേണ്‍ ഇന്ത്യ പാസഞ്ചേഴ്സ് അസോസിയേഷന്‍

April 10, 2012 കേരളം

കോട്ടയം: കേരളത്തിലേക്കു കൂടുതല്‍ ട്രെയിന്‍ ആവശ്യപ്പെട്ടുകൊണ്ട് ട്രെയിന്‍ യാത്രക്കാരുടെ സംഘടനയായ വെസ്റേണ്‍ ഇന്ത്യ പാസഞ്ചേഴ്സ് അസോസിയേഷന്‍ കേരള എംപിമാര്‍ക്കു കത്തയച്ചു. 1984 മുതല്‍ തീരുമാനമാകാതെ കിടക്കുന്ന കോട്ടയം വഴിയുള്ള മുംബൈ – തിരുവനന്തപുരം സൂപ്പര്‍ഫാസ്റാണ് കത്തില്‍ പ്രധാനമായും ആവശ്യപ്പെട്ടിരിക്കുന്നത്. രണ്ടാഴ്ചയില്‍ ഒരു തവണ മാത്രമുള്ള ഗരീബ്രഥ് – കൊച്ചുവേളി എക്സ്പ്രസ് ഇപ്പോള്‍ കോട്ടയം വഴിയുണ്ട്. എന്നാല്‍ അതില്‍ സ്ളീപ്പര്‍ ക്ളാസുകള്‍ ലഭ്യമല്ല. റെയില്‍വേ ബജറ്റില്‍ കേരളത്തിനായി അനുവദിച്ച പുതിയ ട്രെയിന്‍ ആഴ്ചയില്‍ ഒന്നുമാത്രമുള്ള യശ്വന്ത്പൂര്‍ – കൊച്ചുവേളി എസി എക്സ്പ്രസ് മാത്രമാണ്.

കോട്ടയം വഴിയുള്ള മുംബൈ – കൊച്ചുവേളി എക്സ്പ്രസിനൊപ്പം ദിവസവും കോയമ്പത്തൂര്‍ – കോട്ടയം ഇന്റര്‍സിറ്റി ട്രെയിന്‍ ആരംഭിക്കുക, പ്രതിവാര ട്രെയിനായ ഹാപ്പാ – മഡ്ഗാവ് എക്സ്പ്രസ് കൊച്ചുവേളിയിലേക്കു നീട്ടുക, ആഴ്ചയില്‍ ഒന്നു വീതമുള്ള യശ്വന്ത്പൂര്‍ – കൊച്ചുവേളി എസി എക്സ്പ്രസ് മൂന്നു ദിവസമാക്കുക തുടങ്ങിയ ആവശ്യങ്ങളും കത്തില്‍ പറയുന്നുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം