മാധവന്‍ നായരുടെ ഹര്‍ജി മെയ് 24 ലേക്ക് മാറ്റി

April 10, 2012 കേരളം

കൊച്ചി: കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ ഐ.എസ്.ആര്‍.ഒ. മുന്‍ ചെയര്‍മാന്‍ ജി. മാധവന്‍ നായര്‍ നല്‍കിയ ഹര്‍ജി മെയ് 24ന് പരിഗണിക്കാന്‍ സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ മാറ്റിവച്ചു. കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിട്ടുള്ള സത്യവാങ്മൂലത്തിന് മറുപടി നല്‍കാന്‍ മാധവന്‍ നായരുടെ അഭിഭാഷകന്‍ പി. രാമകൃഷ്ണന് സമയം നല്‍കിയിട്ടുണ്ട്.

ആന്‍ട്രിക്‌സ്-ദേവാസ് കരാറിലെ വീഴ്ചകളെ തുടര്‍ന്നായിരുന്നു മാധവന്‍ നായര്‍ക്കെതിരെ കേന്ദ്ര നടപടി ഉണ്ടായത്. അതിന് എതിരെ അദ്ദേഹം നല്‍കിയിട്ടുള്ള ഹര്‍ജി അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലില്‍ നിലനില്‍ക്കില്ലെന്ന് കേന്ദ്ര സര്‍ക്കാറിന് വേണ്ടി സീനിയര്‍ അഡ്വ. ടി.പി.എം. ഇബ്രാഹിം ഖാന്‍ പറഞ്ഞു. കാരണം കേന്ദ്ര സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് മാധവന്‍ നായര്‍ വിരമിച്ചു കഴിഞ്ഞു. സര്‍വീസിലുള്ള ഉദ്യോഗസ്ഥരുടെ ഹര്‍ജികള്‍ പരിഗണിക്കാന്‍ മാത്രമേ ട്രിബ്യൂണിന് അധികാരമുള്ളൂ.

മാധവന്‍ നായരുടെ ഓരോ ആരോപണത്തിനും പ്രത്യേകം മറുപടി വിശദമായി നല്‍കുമെന്ന് ട്രിബ്യൂണലിനെ കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം