അഴിച്ചുപണി സാമുദായിക സന്തുലനം ഉറപ്പാക്കാനല്ല: ഉമ്മന്‍ ചാണ്ടി

April 13, 2012 കേരളം

തിരുവനന്തപുരം: ജനങ്ങളുമായി ഇടപെടുന്നതിനു കൂടുതല്‍ സമയം ലഭിക്കുന്നതിനുവേണ്ടിയാണു സുപ്രധാനമായ ആഭ്യന്തരവകുപ്പിന്റെ ചുമതല ഒഴിഞ്ഞതെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പ്രധാന വകുപ്പുകളുടെ ചുമതല വഹിക്കുമ്പോള്‍ അതിന്റെ തിരക്കു കാരണം കൂടുതല്‍ ഫ്രീയായി പ്രവര്‍ത്തിക്കാനാകില്ല. സാമുദായിക പരിഗണനനോക്കിയോ സാമുദായിക സന്തുലനം ഉറപ്പാക്കുന്നതിനോ അല്ല വകുപ്പുകളില്‍ അഴിച്ചുപണി നടത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോണ്‍ഗ്രസ് മന്ത്രിമാരുടെ വകുപ്പുകളില്‍ മാറ്റംവരുത്തുന്നതിനു മുഖ്യമന്ത്രി എന്ന നിലയില്‍ തനിക്കു ഹൈക്കമാന്‍ഡിന്റെ അനുമതിമാത്രം മതി. ഹൈക്കമാന്‍ഡ് ഇതിനുള്ള അനുവാദം തന്നെന്ന് അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു. കെപിസിസി പ്രസിഡന്റ്, യുഡിഎഫ് കണ്‍വീനര്‍, ഘടകകക്ഷിനേതാക്കള്‍ എന്നിവരുമായി കൂടിയാലോചന നടത്തിയാണു വകുപ്പുകളില്‍ മാറ്റംവരുത്തിയത്.

ആര്യാടന്‍ മുഹമ്മദ് സത്യപ്രതിജ്ഞാചടങ്ങിലും മന്ത്രിസഭായോഗത്തിലും പങ്കെടുക്കാത്തതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം തിരുവനന്തപുരത്തുണ്ടായിരുന്നോ എന്ന മറുചോദ്യമാണ് ഉമ്മന്‍ ചാണ്ടി ഉന്നയിച്ചത്. അഞ്ചാംമന്ത്രിസ്ഥാനം ലീഗിനു നല്‍കിയതിനെതിരേ ആര്യാടന്‍ രാവിലെയും രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നുവെന്നു മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞപ്പോള്‍ അതേക്കുറിച്ചു പ്രതികരിക്കാന്‍ ഉമ്മന്‍ ചാണ്ടി തയാറായില്ല.

അതേ സമയം മന്ത്രിമാരായി ഇന്നലെ സത്യപ്രതിജ്ഞ ചെയ്ത അനൂപ് ജേക്കബും മഞ്ഞളാംകുഴി അലിയും തിങ്കളാഴ്ച രാവിലെ 10 മണിക്ക് ചാര്‍ജെടുക്കും. മുന്‍ മന്ത്രി ടി.എം.ജേക്കബിന്റെ ഓഫീസ് തന്നെ അനൂപ് ജേക്കബിനു ലഭിക്കും. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ഓഫീസ് പ്രവര്‍ത്തിക്കുന്ന സൌത്ത് സാന്‍വിച്ച് ബ്ളോക്കിലെ രണ്ടാം നിലയിലാണ് മഞ്ഞളാംകുഴി അലിക്ക് ഓഫീസ് അനുവദിച്ചിരിക്കുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം