ബാംഗ്ലൂര്‍ സ്‌ഫോടനക്കേസ്‌: മഅദനിക്കു ജാമ്യമില്ല

September 13, 2010 ദേശീയം,മറ്റുവാര്‍ത്തകള്‍

ബാംഗ്ലൂര്‍: സ്‌ഫോടന പരമ്പരക്കേസില്‍ ജുഡീഷ്യല്‍ കസ്‌റ്റഡിയിലുള്ള പിഡിപി ചെയര്‍മാന്‍ അബ്‌ദുല്‍ നാസര്‍ മഅദനിക്ക്‌ ജാമ്യമില്ല. അന്വേഷണം തുടരുന്ന ഘട്ടമായതിനാല്‍ ജാമ്യം നല്‍കാനാവില്ലെന്ന്‌ ജാമ്യാപേക്ഷയില്‍ വാദം കേട്ട ബാംഗ്ലൂര്‍ അഞ്ചാം അതിവേഗ കോടതി സെഷന്‍സ്‌ കോടതി ജഡ്‌ജ്‌ ശ്രീകാന്ത്‌ വടാവട്ടി പറഞ്ഞു. മഅദനി ഉള്‍പ്പെട്ട കുറ്റപത്രം റദ്ദാക്കണമെന്നു കാട്ടി നല്‍കിയ ഹര്‍ജി ഹൈക്കോടതി നേരത്തെ തളളിയിരുന്നു
ജാമ്യാപേക്ഷയില്‍ മേല്‍ ശക്‌തമായ വാദപ്രതിവാദങ്ങളായിരുന്നു ഇരുഭാഗവും അതിവേഗ സെഷന്‍സ്‌ കോടതിക്കു മുമ്പാകെ ബോധിപ്പിച്ചത്‌. കുറ്റപത്രത്തിലെ അപാകതകള്‍ ചൂണ്ടിക്കാട്ടി അബ്‌ദുള്‍ നാസര്‍ മഅദനിക്കെതിരെ പ്രഥമദൃഷ്‌ട്യാ പോലും കേസ്‌ നിലനില്‍ക്കുന്നില്ല എന്ന വാദമാണ്‌ മഅദനിയുടെ അഭിഭാഷകന്‍ കോടതിയില്‍ ബോധിപ്പിച്ചത്‌.
164-ാം സാക്ഷി എം.എം. മജീദിന്റെ മൊഴി വ്യാജമാണ്‌, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിലെ പ്രത്യേക നിയമം സെക്‌ഷന്‍ 45 പ്രകാരം മഅദനിയെ പ്രതിയാക്കുന്നതിനുളള അനുമതി നിയമപ്രകാരമല്ല, സിആര്‍പിസി 91 പ്രകാരം മഅദനിക്കെതിരെ നോട്ടീസ്‌ അയക്കാന്‍ അന്വേഷണ ഉദ്യോഗസ്‌ഥന്‌ വ്യവസഥയില്ലെന്നുമായിരുന്നു മഅദനിയുടെ അഭിഭാഷകന്റെ വാദങ്ങള്‍. അതേസമയം രാജ്യത്തിനെതിരെ യുദ്ധം ചെയ്‌തതില്‍ പങ്കാളിയായ പ്രതിക്ക്‌ ജാമ്യം നിഷേധിക്കണമെന്ന്‌ പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.
ജാമ്യമില്ലാ വാറന്റ്‌ നടപ്പിലാക്കാന്‍ കേരളത്തിലെത്തിയ അന്വേഷണ സംഘത്തിന്‌ ഏറെ ബുദ്ധിമുട്ടുകള്‍ സഹിക്കേണ്ടി വന്നു. രാഷ്‌ട്രീയബലമുളള പ്രതിക്ക്‌ ജാമ്യം അനുവദിച്ചാല്‍ അത്‌ തുടരന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നും പബ്ലിക്‌ പ്രോസിക്യൂട്ടര്‍ വി.രുദ്രസ്വാമി കോടതിയെ അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം