വിഷുക്കണിദര്‍ശനത്തിനായി ശബരിമല ഒരുങ്ങി

April 13, 2012 കേരളം,ക്ഷേത്രവിശേഷങ്ങള്‍

ശബരിമല: വിഷുക്കണിദര്‍ശനത്തിനായി ശബരിമല ഒരുങ്ങി. 14ന് പുലര്‍ച്ചെ നാലുമുതല്‍ ഏഴുവരെയാണ് കണിദര്‍ശനം. ഭക്തര്‍ക്ക് വിഷുക്കണിക്കൊപ്പം അയ്യപ്പനെയും ദര്‍ശിക്കാം. ശ്രീകോവിലില്‍ നിന്ന് തന്ത്രിയും മേല്‍ശാന്തിയും ഭക്തര്‍ക്ക് വിഷുക്കൈനീട്ടം നല്‍കും.
പുലര്‍ച്ചെ നാലിന് നടതുറന്ന് നീരാജനമുഴിഞ്ഞ് തന്ത്രി കണ്ഠര് മഹേശ്വരര് അയ്യപ്പനെ കണികാണിക്കും. ഇതിനുശേഷമാണ് ഭക്തര്‍ക്കുള്ള കണിദര്‍ശനം.
വിഷുക്കണിദര്‍ശനത്തിന് 13 നും 14 നും ഉണ്ടാവാനിടയുള്ള തിരക്ക് പരിഗണിച്ച് വിപുലമായ സംവിധാനങ്ങള്‍ ദേവസ്വം അധികൃതരും പോലീസും സന്നിധാനത്ത് ഒരുക്കിയിട്ടുണ്ട്. രണ്ടുലക്ഷം അരവണയും ഒരു ലക്ഷം അപ്പം പായ്ക്കറ്റുകളും വിഷുദിവസത്തേക്കായി ശേഖരിച്ചിട്ടുണ്ട്. ചുക്കുവെള്ള വിതരണത്തിനായി കൂടുതല്‍ കൗണ്ടറുകള്‍ തുറക്കും. സുരക്ഷാസംവിധാനങ്ങളും ശക്തിപ്പെടുത്തിയിട്ടുണ്ട്.
14 നും 15 നും കെ.എസ്.ആര്‍.ടി.സി കൂടുതല്‍ ബസ്സുകള്‍ സര്‍വ്വീസ് നടത്തും. വ്യാഴാഴ്ച അയ്യപ്പന്കളഭാഭിഷേകം നടന്നു. തന്ത്രി കണ്ഠര് മഹേശ്വരരുടെയും മേല്‍ശാന്തി എന്‍. ബാലമുരളിയുടെയും കാര്‍മ്മികത്വത്തില്‍ ഉച്ചപ്പൂജയ്ക്ക് മുന്‍പായിരുന്നു കളഭാഭിഷേകം. വൈകീട്ട് പടിപൂജയ്ക്കുശേഷം രാത്രി 10ന് ഹരിവരാസനം പാടി നട അടച്ചു. 18ന് സന്നിധാനത്ത് ലക്ഷാര്‍ച്ചന നടക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം