മലബാര്‍ ദേവസ്വം കമ്മീഷണറെ മെയ് 21-നകം നിയമിക്കണം: ഹൈക്കോടതി

April 14, 2012 കേരളം

കൊച്ചി: മലബാര്‍ ദേവസ്വത്തില്‍ കമ്മീഷണറെ മെയ് 21-നകം നിയമിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കമ്മീഷണര്‍ നിയമനം വൈകുന്നതുമൂലം പല കാര്യങ്ങളിലും തീരുമാനമെടുക്കാനാവുന്നില്ലെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണനും ജസ്റ്റിസ് സി. ടി. രവികുമാറും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഈ നിര്‍ദേശം.

കാസര്‍കോട് സ്വദേശി ബാലകൃഷ്ണതന്ത്രിയുടെ ഹര്‍ജിയിലാണ് ഉത്തരവ്. കാസര്‍കോട് മധുര്‍ ക്ഷേത്രത്തിലെ തന്ത്രിയായി തന്നെ നിയമിക്കണമെന്ന് കാണിച്ച് ഹര്‍ജിക്കാരന്‍ ദേവസ്വം ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് നിവേദനം നല്‍കിയിരുനു. എന്നാല്‍ കമ്മീഷണറാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്നായിരുന്നു മറുപടി. എത്രയും വേഗം കമ്മീഷണറെ നിയമിക്കാന്‍ ഉത്തരവിടണമെന്നും തന്റെ നിവേദനം പരിഗണിക്കാന്‍ നിര്‍ദേശിക്കണമെന്നുമാണ് ഹര്‍ജിക്കാരനു വേണ്ടി അഡ്വ. രമേശ് ചന്ദര്‍ ബോധിപ്പിച്ചത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം