സ്വാമിജി ദ്വാദശമാത്രകളില്‍

April 14, 2012 പാദപൂജ

ഗുരുനാഥനായ ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദരെക്കുറിച്ച് ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ രചിച്ച പാദപൂജ എന്ന ഗ്രന്ഥത്തില്‍ നിന്ന്.

ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദര്‍ തന്റെ നാല്പത്തഞ്ചുവര്‍ഷത്തെ തപോബലംകൊണ്ട് സമാര്‍ജിച്ച ബ്രഹ്മത്വം പ്രണവത്തിന്റെ മാത്രാനുക്രമമായ വിശദീകരണവുമായി കൂട്ടിയിണക്കിയാല്‍ തന്റെ ആയുസിന്റെ പകുതിയാകുമ്പോള്‍ത്തന്നെ ഏഴ്, എട്ട് എന്നീമാത്രകളിലെ ആധ്യാത്മികപദവി സമാര്‍ജിച്ചിരുന്തായിവേണം അറിയുവാന്‍. ആറാമത് മാത്രയില്‍ ഇന്ദ്രപദവിയും ഏഴാമത്തേതില്‍ വിഷ്ണുപദവും എട്ടാമത്തേതില്‍ രുദ്രപദവുമാണ് വിധിച്ചിട്ടുള്ളത്. ഇത് സത്യമാണെന്ന് തെളിയിക്കുന്ന ചിലഅനുഭവങ്ങള്‍ സ്വാമിജിയുടെ ജീവിതത്തില്‍നിന്നു ദാഹരിയ്ക്കാം.

ആശ്രമത്തില്‍ ഇന്നുകാണുന്ന ശ്രീരാമസീതാഹനുമദ് വിഗ്രഹം സ്വാമിജിയാണ് പ്രതിഷ്ഠിച്ചത്. ഏഴുപേര്‍ ചേര്‍ന്ന് പിടിച്ചുയര്‍ത്തിയ പീഠവും വിഗ്രഹവും ഒറ്റയ്‌ക്കെടുത്തുയര്‍ത്തി ഒരു ഗര്‍ജനത്തോടുകൂടി പ്രണവധ്വനിമുഴക്കി പ്രതിഷ്ഠിച്ചത് സ്തബ്ധമനസ്സോടുകൂടി നോക്കിനിന്ന ജനങ്ങള്‍ ഈ ഗ്രന്ഥമെഴുതുമ്പോഴും ജീവിച്ചിരിപ്പുണ്ട്. അന്തരീക്ഷംമുഴുവന്‍ അതേവരെ അനുഭവപ്പെടാത്ത പരിമളം കൊണ്ട് നിറഞ്ഞു. പ്രതിഷ്ഠാ സ്ഥാനത്തുനിന്ന് നാല്പതടിയോളം അകലെയുള്ള മുററത്തുനില്‍ക്കുമ്പോള്‍ ശ്രീകോവിലിനുള്ളില്‍നിന്ന് ഒരു പ്രത്യേകപരിധിവരെ ബഹിര്‍ഗമിച്ചിരുന്ന പരിമളം ഭക്തജനലക്ഷങ്ങള്‍ക്ക് അനുഭൂതികരമായിരുന്നു. വളരെ ദിവസങ്ങളോളം ആധ്യാത്മികമായ ഈ പരിമളം ആശ്രമാന്തരീക്ഷത്തിലും പ്രത്യേകിച്ച് നടയിലും അനുഭവപ്പെട്ടിരുന്നു.  അന്തരീക്ഷത്തില്‍ ധ്യാനമഗ്നരാകുവാനും ശാന്തമനസ്സോടെ അല്പസമയം കഴിച്ചുകൂട്ടുവാനുമാഗ്രഹിച്ച് അനേകം ഭക്തജനങ്ങള്‍ വന്നെത്തുമായിരുന്നു. കൃത്രിമസുഗന്ധം നല്‍കുന്ന യാതൊന്നും ആശ്രമപരിസരത്തില്‍ അനുവദിച്ചിരുന്നില്ല. അലങ്കാലത്തിന് പൂക്കളില്ലാത്തപ്പോള്‍പോലും. ഈ സുഗന്ധം അവാച്യമായ അനുഭൂതി പകര്‍ത്തിയിരുന്നു. പ്രതിഷ്ഠാസമയത്ത് ആശ്രമവളപ്പിനുള്ളില്‍മാത്രം, ദേവന്മാര്‍ പൂമഴവര്‍ഷിച്ചവണ്ണം അല്പസമയം മഴപെയ്യുകയുണ്ടായി. വളപ്പിനുവെളിയില്‍ ഒരുതുള്ളി വെള്ളവും ണആതെ പൊടികിടക്കുന്നതു കണ്ടാണ് അകത്തെ ദേവവൃഷ്ടി ഭക്തജനങ്ങള്‍ ശ്രദ്ധിച്ചുതുടങ്ങിയത്.
ആശ്രമത്തില്‍ വഴിപാടായിനടത്താറുള്ള കഞ്ഞിസദ്യ സ്വാമിജിതന്നെ വിളമ്പിക്കൊടുക്കുക പതിവാണ്. മഴപെയ്താല്‍ അലങ്കോലപ്പെടുമായിരുന്ന കഞ്ഞിസദ്യയുടെ അവസരങ്ങള്‍ പലതുമുണ്ടായിട്ടുണ്ട്. ആളുകള്‍ അമ്പരന്നുനോക്കിയിട്ട് പറയാറുണ്ട്, ”സ്വാമിജി മഴയിപ്പോള്‍ പെയ്യും” സ്വാമിജി വളരെനര്‍മസ്വരത്തില്‍ അതിനു മറുപടിയും പറയാറുണ്ട്. ”മഴയുടെ കണക്ക് നിന്റെകൈയിലാണോ? എന്നാ ഞങ്ങള്‍ക്ക് കഞ്ഞികൊടുത്തിട്ട് മതി മഴ”. മറ്റെങ്ങും നോക്കാതെ ആത്മഗതമെന്നോണം പറയുന്ന വാക്കുകള്‍ ഫലിച്ചുകാണുന്നത് ഈയുള്ളവനും ശ്രദ്ധിച്ചിട്ടുള്ളതാണ്. ആശ്രമവളപ്പിനു ചുറ്റും മഴപെയ്യുകയും കഞ്ഞികൊടുക്കുന്ന സ്ഥലം അതില്‍ നിന്ന് ഒഴിവാക്കുകയും ചെയ്യുന്ന ദൃശ്യം ആധുനികശാസ്ത്രത്തിന്റെ കാലാവസ്ഥാനിര്‍ണയത്തെയെല്ലാം കാറ്റില്‍പറത്തുന്നതായിട്ടേ സങ്കല്പിക്കാനാകൂ. മഴവര്‍ഷിക്കുന്നതിനാവശ്യമായ ചില നിയന്ത്രണങ്ങള്‍ ഈ പ്രപഞ്ചത്തിലെ പര്‍ജന്യലോകവ്യവസ്ഥയിലുണ്ട്. ഇതിനാവശ്യമായ സൂക്ഷ്മശക്തിപ്രവാഹങ്ങളാണ് മഴയെ നിയന്ത്രിക്കുന്നത്. അതിനുയോജിച്ച കാറ്റിനേയും നിയന്ത്രിക്കുന്ന ചില പ്രവാഹനീതികളുണ്ട്. ഭൂതമാത്രാചലനങ്ങളെ ആസ്പദിച്ചാണ് പ്രപഞ്ചത്തിലെ കാലാവസ്ഥ നിയന്ത്രിക്കപ്പെടുന്നതെന്ന് മുന്‍പുള്ള പേജുകളില്‍ സൂചിപ്പിച്ചിട്ടുണ്ട്. പ്രജ്ഞാവിച്ഛേദം സംഭവിക്കാത്ത ജീവപരമാണുവാണീശ്വരനെന്നും ആ പരമാണുവിനോട് സദൃശമായും യോജിച്ചും അനേകം തപസ്വികളുണ്ടെന്നും നേരത്തേ പറഞ്ഞുകഴിഞ്ഞു. ആ തപസ്വികളാണ് ആനേകം ബ്രഹ്മാണ്ഡങ്ങളുടെ അധികാരികളെന്നും സൂചിപ്പിച്ചിട്ടുണ്ട്. ഈ ബ്രഹ്മാണ്ഡനിയന്ത്രണാധികാരം സ്വായത്തമായിട്ടുള്ള മഹാത്മാവിനു മാത്രമേ തന്റെ സങ്കല്പത്തിനനുസരിച്ച് കാലനിര്‍ണയം ചെയ്യാനാകൂ. ഭൂതമാത്രാചലനങ്ങളെ ശാന്തമാക്കാനും വിജൃംഭിപ്പിക്കാനും അവര്‍ക്ക് കഴിയും. പ്രണവത്തിന്റെ ഏഴും എട്ടും മാത്രകള്‍ വിശദീകരിക്കുന്ന വിഷ്ണുപദവും പശുപതിപദവും ഇന്ദ്രപദത്തിനു മുകളിലുള്ളവയാണ്. മഴയുടെ അധികാരി ഇന്ദ്രനാണല്ലോ. ഇത് വേദങ്ങളിലും പുരാണങ്ങളിലും വ്യവസ്ഥചെയ്തിട്ടുണ്ട്. ഗോവര്‍ദ്ധനത്തിലെ അതിവൃഷ്ടി ഇന്ദ്രന്റെ അഹങ്കാരശമനത്തിന് പ്രയോജനപ്പെട്ടത് സ്മര്‍ത്തവ്യമാണ്. മാത്രവുമല്ല, പ്രണവത്തിന്റെ മാത്രാക്രമമനുസരിച്ച് നോക്കുമ്പോള്‍ ഇന്ദ്രന്‍ ആറാംമാത്രയില്‍മാത്രമേ എത്തുന്നുള്ളൂ. അവതാരവരിഷ്ഠനായ ശ്രീകൃഷ്ണപരമാത്മാവ് വിഷ്ണുപദവിയിലും എട്ടാംമാത്രയിലും എത്തിനില്‍ക്കുന്നതായി നമുക്കു മനസ്സിലാകും. എട്ടാംമാത്ര രുദ്രപദമാണല്ലോ എന്നൊരു ചോദ്യത്തിനു വകയുണ്ട്. ആ സംശയത്തിന് മതിയായ ഉത്തരവുമുണ്ട്. ”ഉമാശങ്കരയോഗോ യഃ സയോഗോ വിഷ്ണുരുച്യതേ” – ഉമാമഹേശ്വരന്മാരുടെ സംയോഗമാണ് വിഷ്ണു – എന്ന രുദ്രഹൃദയോപനിഷദ്വവചനം ഈ പദവികളുടെ സമാനത്വം വ്യക്തമാക്കുന്നു.

ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദരെപ്പോലെയുള്ള മഹാത്മാക്കള്‍ ഈ പദവിയും കഴിഞ്ഞവരാണെന്നിതുകൊണ്ട് നിസ്സംശയം പ്രസ്താവിക്കാം. തന്റെ ഭൗതികജീവിതത്തിലെ മധ്യവയസ് എത്തുന്നതോടുകൂടിതന്നെ അദ്ദേഹം ഈ പ്രണവപദവി സമാര്‍ജിച്ചിരുന്നു. സദാപി പ്രണവസ്വരൂപനായ സ്വാമിജിയില്‍നിന്ന് ‘ഓം’ എന്ന പ്രണവമന്ത്രധ്വനി ഒരു പ്രത്യേകമാത്രയില്‍ എപ്പോഴും പുറപ്പെട്ടുകൊണ്ടിരുന്നതായി അദ്ദേഹത്തെ ഒരിയ്ക്കല്‍ സമീപിച്ചിയാളിനുപോലും ഓര്‍ക്കേണ്ടിവരും.

പ്രണവമാത്രാക്രമമനുസരിച്ച് നാലാംമാത്രയില്‍ ജീവന്‍ വെടിയുന്നവരാണ് ഗന്ധര്‍വന്മാരാകുന്നതെന്ന് നേരത്തെ സൂചിപ്പിച്ചിട്ടുണ്ട്. ഈ ഗന്ധര്‍വന്‍ വികാരപരിധികളെ അതിലംഘിച്ചവനല്ല. രാമായണത്തില്‍ അഷ്ടാവക്രനാല്‍ ശപിക്കപ്പെട്ട ഗന്ധര്‍വന്‍ മറുപടിപറയുന്നതും ഗന്ധര്‍വന്റെ സ്വാഭാവവൈകൃതം വ്യക്തമാക്കുന്നുണ്ട്. ആ ഗന്ധര്‍വ്വനെ ശപിച്ചതും രാക്ഷസനാക്കിമാറ്റിയതും മനുഷ്യനായി ജനിച്ച് തപസ്സനുഷ്ഠിച്ച് ബ്രഹ്മപദമെത്തിയ അഷ്ടാവക്രമുനിയായിരുന്നെന്ന് ഓര്‍മിക്കുമ്പോള്‍ ബ്രഹ്മജ്ഞന്മാരായമഹര്‍ഷീശ്വരന്മാര്‍ പ്രണവമാത്രാക്രമത്തില്‍ നാലാംപാദമായ ഗന്ധര്‍വപദത്തിനുപരി പന്ത്രണ്ടാംപദമായ ശാശ്വതബ്രഹ്മപദത്തിലെത്തിയവരാണെന്നു മനസ്സിലാകും.

കൂടുതല്‍ വാര്‍ത്തകള്‍ - പാദപൂജ