ലാദന്റെ കുടുംബത്തെ പാക്കിസ്ഥാന്‍ നാടുകടത്തും

April 15, 2012 രാഷ്ട്രാന്തരീയം

ഇസ്‌ലാബാദ്: മുന്‍ അല്‍ ക്വയ്ദ നേതാവ് ഉസാമ ബിന്‍ ലാദന്റെ മൂന്നു വിധവകളേയും കുട്ടികളേയും അടുത്തയാഴ്ച സൗദി അറേബ്യയിലേയ്ക്കു പാക്കിസ്ഥാന്‍ നാടുകടത്തും. നിയമവിരുദ്ധമായി രാജ്യത്തു പ്രവേശിച്ചതിനു പാക്കിസ്ഥാനില്‍ ജയില്‍കഴിയുന്ന ഇവരുടെ ശിക്ഷ അവസാനിക്കുന്ന സാഹചര്യത്തില്‍ ലാദന്റെ കുടുംബത്തെ സൗദിയിലേയ്ക്കു നാടുകടത്തമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇവരുടെ അഭിഭാഷകനാണ് ഇക്കാര്യം അറിയിച്ചത്.

ലാദന്റെ മൂന്നു വിധവകള്‍ക്കും രണ്ടു കുട്ടികള്‍ക്കും 45 ദിവസത്തെ ജയില്‍ശിക്ഷയാണ് പാക് കോടതി വിധിച്ചത്. ഇവരുടെ ശിക്ഷ ഈ മാസം 17ന് അവസാനിക്കുന്നതിനാല്‍ തൊട്ടടുത്ത ദിവസം തന്നെ ഇവരെ സൗദിയിലേയ്ക്കു നാടുകടത്തുമെന്നാണ് കരുതുന്നത്. അതേസമയം, ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. ലാദന്റെ വിധവകളില്‍ രണ്ടു പേര്‍ സൗദി സ്വദേശികളും മറ്റൊരാള്‍ യെമന്‍ സ്വദേശിയുമാണ്. യെമന്‍ സ്വദേശിയെ സൗദിയിലേയ്ക്കു നാടുകടത്തുമോയെന്ന കാര്യവും വ്യക്തമല്ല.

കഴിഞ്ഞ വര്‍ഷം മേയ് മാസത്തിലാണ് പാക്കിസ്ഥാനിലെ അബോട്ടാബാദില്‍ ഒളിത്താവളത്തില്‍വച്ച് ബിന്‍ ലാദനെ യുഎസ് പ്രത്യേക സേന കൊലപ്പെടുത്തിയത്. തുടര്‍ന്ന് അദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന ഭാര്യമാരെയും കുട്ടികളെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം