താളമേളങ്ങളോടെ കൊല്ലം പൂരം സമാപിച്ചു

April 16, 2012 കേരളം

കൊല്ലം: വര്‍ണക്കുടകളുടെ വൈവിധ്യവും താളമേളങ്ങളുടെ ആവേശപ്പെരുക്കങ്ങളും നിറച്ച് കൊല്ലം പൂരം സമാപിച്ചു. നിറമേളങ്ങളുടെ വിസ്മയച്ചെപ്പ് തുറന്ന ദേശിംഗനാടിന്റെ തനതുപൂരം കാണാന്‍ ഇടറിയും കനത്തും പെയ്ത മഴയിലും ആയിരങ്ങളാണ് ആശ്രാമം മൈതാനത്തും ശ്രീകൃഷ്ണസ്വാമി ക്ഷേത്രപരിസരത്തും ഒഴുകിയെത്തിയത്. മുഖാമുഖം നിരന്ന്, നെറ്റിപ്പട്ടം ചാര്‍ത്തിനിന്ന 30 ഗജവീരന്‍മാരുടെ തലയെടുപ്പില്‍ പ്രൗഢിയുടെ പെരുമയില്‍ നടന്ന കുടമാറ്റവും പൂരത്തിന് വര്‍ണപ്പൊലിമയേകി.

രാവിലെമുതല്‍ വിവിധ ക്ഷേത്രങ്ങളെ പ്രതിനിധാനംചെയ്ത് ചെറുപൂരങ്ങളായി ദേവീദേവന്‍മാരുടെ എഴുന്നള്ളത്ത് ആശ്രാമം ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലേക്ക് എത്തിക്കൊണ്ടിരുന്നു. ശിങ്കാരിമേളത്തിന്റെയും കലാരൂപങ്ങളുടെയും അകമ്പടിയോടെ എത്തിയ ഭക്തര്‍ ഭഗവാനുമുന്നില്‍ സ്വയംസമര്‍പ്പിച്ച് നിര്‍വൃതി നേടി.

ഉച്ചയോടെ പൂരത്തില്‍ അണിനിരക്കാനുള്ള ഗജവീരന്‍മാരുടെ നീരാട്ടും തുടര്‍ന്ന് ഊട്ടും നടന്നു. വൈകിട്ട് 4.05ന് കൊടിയിറക്കവും തുടര്‍ന്ന് തിരുമുമ്പില്‍ ചേരാനല്ലൂര്‍ ശങ്കരന്‍കുട്ടി മാരാരുടെ നേതൃത്വത്തില്‍ പഞ്ചാരിമേളവും തുടര്‍ന്ന് കുടമാറ്റവും നടന്നു.

ആറാട്ടെഴുന്നള്ളത്തിന് അകമ്പടി സേവിച്ച് താമരക്കുളം മഹാഗണപതിയും പുതിയകാവ് ഭഗവതിയും ആശ്രാമം മൈതാനിയില്‍ എത്തിയതോടെ പൂരത്തിന് തുടക്കമായി. പ്രത്യേകം കെട്ടിയുയര്‍ത്തിയ മണ്‍തിട്ടകളില്‍ ഇരുവിഭാഗവും മുഖാമുഖം നിരന്നപ്പോള്‍ മേളം മുറുകി. ഇതിന് സാക്ഷ്യം വഹിച്ച് ചെറുപൂരക്കാരും മൈതാനത്ത് നിരന്നു.

ആനപ്പുറത്ത് ചെറിയ കൊടിമരമുയര്‍ത്തി അതില്‍ കൊടിയേറ്റിയാണ് ഇരുവിഭാഗങ്ങളും കുടമാറ്റത്തിന് തുടക്കംകുറിച്ചത്. താമരക്കുളമാണ് ആദ്യം ചുവപ്പുനിറത്തിലുള്ള കൊടി ഉയര്‍ത്തിയത്. പിന്നാലെ പുതിയകാവുകാര്‍ നീലനിറത്തിലുള്ള കൊടി ഉയര്‍ത്തി. പിന്നെ അതതുക്ഷേത്രങ്ങളുടെ പേരുകള്‍ കുടകളിലെഴുതി ഇരുവിഭാഗവും പ്രദര്‍ശിപ്പിച്ചു. ദേശീയപതാകയില്‍ ഒളിപ്പിച്ച് വെള്ളരിപ്രാവിനെ താമരക്കുളത്തുകാര്‍ പറത്തിയപ്പോള്‍ മറുഭാഗം ദേവിയുടെ ചിത്രമുള്ള കുട ഉയര്‍ത്തി. താമരക്കുളത്തുകാര്‍ ആലിലക്കണ്ണന്റെ ചിത്രം ആലേഖനംചെയ്ത വര്‍ണ്ണക്കുട വാനില്‍ ഉയര്‍ത്തിയപ്പോള്‍ വെണ്ണയുമായി നില്‍ക്കുന്ന ഉണ്ണിക്കണ്ണന്റെ രൂപം കുടകളിലുയര്‍ത്തി പുതിയകാവുകാര്‍ മറുപടി നല്‍കി. കുടമാറ്റം പുരോഗമിക്കവെ മഴ കനത്തു. ഇതേ തുടര്‍ന്ന് കുറച്ചുനേരം കുടമാറ്റം തടസ്സപ്പെട്ടു. മഴയിലും ആവേശം ചോരാതെ കുട ചൂടിയാണ് വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെ പൂരക്കാഴ്ച കാണാന്‍ പൂരപ്പറമ്പില്‍നിന്നത്. 15 വീതം ആനകള്‍ ഇരുവിഭാഗങ്ങളിലുമായി അണിനിരന്നു. കുടമാറ്റത്തിനുശേഷം വൈകിട്ട് നടന്ന വെടിക്കെട്ടും വര്‍ണപ്രപഞ്ചം തീര്‍ത്തു.

പൂരത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം പി.കെ.ഗുരുദാസന്‍ എം.എല്‍..എ. ഉദ്ഘാടനം ചെയ്തു. എ.എ.അസീസ് എം.എല്‍.എ., തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. രാജഗോപാലന്‍നായര്‍, ദേവസ്വം ബോര്‍ഡ് അംഗം കെ.സിസിലി, പൂരം കമ്മിറ്റി ചെയര്‍മാന്‍ കെ.സലിം, ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ കെ.വേണുഗോപാല്‍, പൂരം കമ്മിറ്റി സെക്രട്ടറി എ.എന്‍.സുരേഷ്ബാബു എന്നിവര്‍ പ്രസംഗിച്ചു. റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ രാജേഷ് അഗര്‍വാളും സന്നിഹിതനായിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം