വിഴിഞ്ഞം തുറമുഖം : വെല്‍സ്‌പണുമായി ചര്‍ച്ച തുടങ്ങും

April 16, 2012 കേരളം

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ നടത്തിപ്പുകാരാവാന്‍ ടെന്‍ഡര്‍ നല്‍കിയ വെല്‍സ്​പണ്‍ കണ്‍സോര്‍ഷ്യവുമായി സര്‍ക്കാര്‍ ഈയാഴ്ച വിലപേശല്‍ തുടങ്ങും. വെല്‍സ്​പണിന്റെ നിബന്ധനകളില്‍ ഇളവു വരുത്തുന്നതിനെപ്പറ്റിയാണ് ചര്‍ച്ച. വെല്‍സ്​പണ്‍ ആവശ്യപ്പെട്ടിരിക്കുന്ന ഗ്രാന്റില്‍ കുറവു വരുത്തുകയോ അല്ലെങ്കില്‍ അത് വായ്പയാക്കുകയോ ചെയ്യണമെന്നായിരിക്കും സര്‍ക്കാര്‍ ആവശ്യപ്പെടുക. വിട്ടുവീഴ്ചകള്‍ക്ക് തയ്യാറായാല്‍ ഇനിയുമൊരു ടെന്‍ഡര്‍ വിളിക്കാന്‍ നില്‍ക്കാതെ വെല്‍സ്​പണിനുതന്നെ കരാര്‍ നല്‍കാനാണ് സര്‍ക്കാരിന്റെ നീക്കം. ഇപ്പോള്‍ വെല്‍സ്​പണ്‍ മാത്രമാണ് നടത്തിപ്പുകാരാവാന്‍ രംഗത്തുള്ളത്. ഈയാഴ്ച തന്നെ ചര്‍ച്ചയ്ക്ക് തയ്യാറാവാന്‍ വെല്‍സ്​പണ്‍ കണ്‍സോര്‍ഷ്യത്തെ നേരത്തെ അറിയിച്ചിട്ടുണ്ട്.

വെല്‍സ്​പണുമായി ചര്‍ച്ചനടത്താന്‍ നാലംഗസമിതിയെയാണ് സര്‍ക്കാര്‍ നിയോഗിച്ചിരിക്കുന്നത്. ധനവിനിയോഗ സെക്രട്ടറി സഞ്ജയ് ഗാര്‍ഗ്, തുറമുഖ സെക്രട്ടറി ആര്‍.കെ.സിങ്, നിയമസെക്രട്ടറി രാമരാജ പ്രേമപ്രസാദ്, വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ കമ്പനി (വിസില്‍) ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ എ.എസ്.സുരേഷ്ബാബു എന്നിവരാണ് സമിതിയില്‍. തുറമുഖ പദ്ധതിയുടെ കണ്‍സള്‍ട്ടന്റായ ഐ.എഫ്.സി പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുക്കും.

തുറമുഖ നടത്തിപ്പിന് 16 വര്‍ഷത്തേക്ക് സര്‍ക്കാര്‍ 479.54 കോടിരൂപ നല്‍കണമെന്നാണ് ടെന്‍ഡറില്‍ വെല്‍സ്​പണ്‍ ആവശ്യപ്പെട്ടത്. തുറമുഖത്തിന്റെ സൂപ്പര്‍ സ്ട്രക്ചര്‍ നിര്‍മിക്കാന്‍ 1100 കോടിമുടക്കുമ്പോഴാണ് വെല്‍സ്​പണ്‍ ഇത്രയും തുക തിരികെ ആവശ്യപ്പെടുന്നത്. 30 വര്‍ഷത്തേക്ക് തുറമുഖം അവര്‍ നടത്തുകയും ചെയ്യും. ഗ്രാന്റില്‍ കുറവുവരുത്താന്‍ അവര്‍ തയ്യാറാവണം. അല്ലെങ്കില്‍ ഈ തുക വായ്പയാക്കി മാറ്റാന്‍ അനുവദിക്കണം. ഇതായിരിക്കും സര്‍ക്കാരിന്റെ നിര്‍ദേശം.

നടത്തിപ്പുകാരെ തീരുമാനിച്ചശേഷം നിര്‍മാണത്തിനുള്ള കരാറുകാര്‍ക്കായി ടെന്‍ഡര്‍ വിളിക്കുന്നതാണ് നല്ലതെന്നാണ് സര്‍ക്കാരിന്റെ നിലപാട്. അങ്ങനെയാണെങ്കില്‍ നടത്തിപ്പുകാര്‍ക്ക് ഈ ടെന്‍ഡറിലും പങ്കെടുക്കാം. നടത്തിപ്പുകാര്‍ക്കായി ഇനിയുമൊരു ടെന്‍ഡര്‍ വിളിക്കുന്നത് ഒഴിവാക്കണമെന്ന് കണ്‍സള്‍ട്ടന്റായ ഐ.എഫ്.സിക്കും സര്‍ക്കാരിനും ആഗ്രഹമുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം