റിപ്പോ നിരക്ക് അര ശതമാനം കുറച്ചു

April 17, 2012 കേരളം,ദേശീയം

മുംബൈ: റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് അര ശതമാനം കുറച്ചു. ഇതോടെ റിപ്പോ നിരക്ക് എട്ടര ശതമാനത്തില്‍ നിന്ന് എട്ടു ശതമാനമായി കുറഞ്ഞു. കരുതല്‍ ധനാനുപാതത്തില്‍(സിആര്‍ആര്‍ അനുപാതം) മാറ്റമില്ല. രാജ്യാന്തര തലത്തില്‍ എണ്ണവില ഉയര്‍ന്നു നില്‍ക്കുന്നതിനാല്‍ നാണ്യപ്പെരുപ്പം വര്‍ധിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് റിസര്‍വ് ബാങ്കിന്റെ ഈ നടപടി. മൂന്നു വര്‍ഷത്തിനിടെ ആദ്യമായാണ് നിരക്കു കുറയ്ക്കുന്നത്. റിസര്‍വ് ബാങ്ക് വാണിജ്യബാങ്കുകള്‍ക്കു നല്‍കുന്ന ധനത്തിനുള്ള പലിശനിരക്കാണ് റീപ്പോ നിരക്ക്.
റിസര്‍വ് ബാങ്കിന്റെ ഈ നടപടി ഭവന, വാഹന വായ്പകള്‍ കുറയാന്‍ സഹായകമാകുമെങ്കിലും ബാങ്കുകള്‍ പലിശ നിരക്ക് ഉടന്‍ കുറയ്ക്കാന്‍ സാധ്യതയില്ലെന്നു വിലയിരുത്തപ്പെടുന്നു. 2010 മാര്‍ച്ച് മുതല്‍ 13 തവണ വായ്പാനിരക്കുകള്‍ കൂട്ടിയിട്ടുണ്ട്. നാണ്യപ്പെരുപ്പത്തിനു തടയിടാനായിരുന്നു വായ്പാനിരക്കുകള്‍ കൂട്ടിയിരുന്നത്. നാണ്യപ്പെരുപ്പം ഏതാണ്ടു കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ മാസത്തെ നാണ്യപ്പെരുപ്പം 6.89 ആയിരുന്നു.
ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ കഴിഞ്ഞ ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ 6.1% മാത്രമാണു വളര്‍ന്നത്. കഴിഞ്ഞ മൂന്നു വര്‍ഷത്തെ ഏറ്റവും കുറഞ്ഞ വളര്‍ച്ചയാണിത്. പലിശ നിരക്ക് കൂടിയിരുന്നതാണ് ഇതിനു കാരണം. രാജ്യപുരോഗതി കൂടി കണക്കിലെടുത്താണ് ഇപ്പോള്‍ റിസര്‍വ് ബാങ്ക് പലിശനിരക്കു കുറച്ചത്. നാണ്യപ്പെരുപ്പം ഒരു പരിധിക്കപ്പുറം കടന്നാല്‍ റിസര്‍വ് ബാങ്ക് വീണ്ടും പലിശ നിരക്ക് ഉയര്‍ത്താന്‍ നിര്‍ബന്ധിതമായേക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം