തമിഴ്‌നാട്ടില്‍ കേരളവാഹനങ്ങള്‍ക്ക് വന്‍പ്രവേശനനികുതി ഈടാക്കുന്നു

April 19, 2012 കേരളം

വാളയാര്‍: കേരളത്തില്‍നിന്ന് തമിഴ്‌നാട്ടിലേക്കുള്ള കോണ്‍ട്രാക്ട് കാരിയേജ് വാഹനങ്ങള്‍ക്ക് ഏകപക്ഷീയമായി വന്‍പ്രവേശനനികുതി ഏര്‍പ്പെടുത്തി. ബസ്സിന് സീറ്റൊന്നിന് 600 രൂപയാണ് നികുതി. നേരത്തെ, കേരള മോട്ടോര്‍വാഹനവകുപ്പില്‍ 350 രൂപ അടച്ച് പെര്‍മിറ്റ്മാത്രം എടുത്താല്‍ മതിയായിരുന്നു. ഈ സ്ഥാനത്താണ് മുന്നറിയിപ്പില്ലാതെ ബുധനാഴ്ചമുതല്‍ കൂടുതല്‍നികുതി തമിഴ്‌നാട് ഈടാക്കിത്തുടങ്ങിയത്.

പുതുക്കിയ നിരക്കനുസരിച്ച് 50 പേരടങ്ങുന്ന യാത്രാസംഘം തമിഴ്‌നാട്ടിലേക്ക് കടക്കുന്നതിനായി 30,000 രൂപ നികുതി അടയേ്ക്കണ്ടിവരും. മലയാളികള്‍ ഏറെയുള്ള കോയമ്പത്തൂര്‍ ഉള്‍പ്പെടെ വിവാഹച്ചടങ്ങിന് പോവുന്ന ബസ്സുകളും വിനോദയാത്രാസംഘങ്ങളുമൊക്കയാണ് ഈ കനത്തതുക വഹിക്കേണ്ടിവരിക.

അതിരാവിലെ തമിഴ്‌നാട് ചെക്‌പോസ്റ്റിലെത്തിയ ഇരുപതോളം വാഹനങ്ങള്‍ നികുതിയാവശ്യപ്പെട്ട് തടുത്തിട്ടു. പലരും യാത്രമതിയാക്കി തിരികെപ്പോവുകയും ചെയ്തു. ഏപ്രില്‍ ഒന്നുമുതല്‍ പുതിയ നികുതിനിര്‍ദേശം പ്രാബല്യത്തില്‍വരുമെന്ന് ഏപ്രില്‍ 9ന് പുറത്തിറക്കിയ തമിഴ്‌നാട്‌സര്‍ക്കാരിന്റെ അസാധാരണ ഗസറ്റ്‌വിജ്ഞാപനത്തില്‍ പറയുന്നു.

എന്നാല്‍, ഇതുസംബന്ധിച്ച് ബുധനാഴ്ച വൈകുന്നേരംവരെയും ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് കേരള മോട്ടോര്‍വാഹനവകുപ്പ് അധികൃതര്‍ പറഞ്ഞു. എന്നാല്‍, ഏപ്രില്‍ ഒന്നുമുതല്‍ തമിഴ്‌നാട്ടിലേക്കുപോയ വാഹനങ്ങള്‍ക്ക് മുന്‍കാലപ്രാബല്യത്തോടെ നികുതി ഈടാക്കുമെന്ന് തമിഴ്‌നാട് ഉദ്യോഗസ്ഥര്‍ പറഞ്ഞതായി വാഹന ഉടമകളും െ്രെഡവര്‍മാരും പറയുന്നു.

11 സീറ്റും അതിനുമുകളിലുമുള്ള വാഹനങ്ങള്‍ക്കാണ് സീറ്റൊന്നിന് 600രൂപവീതം നല്‌കേണ്ടിവരിക. മറ്റ് ചെറുകിടവാഹനങ്ങള്‍ പ്രവേശിപ്പിക്കുന്നതിന് സീറ്റിന്റെ എണ്ണവും വാഹനത്തിന്റെ വിസ്തൃതിയും 60 രൂപ പ്രവേശനനികുതിയും നിശ്ചയിച്ചിട്ടുണ്ട്. എന്നാല്‍, സ്വകാര്യവാഹനങ്ങള്‍ക്ക് നികുതിനിരക്ക് ബാധകമല്ല. ടൂറിസ്റ്റ്മാക്‌സിക്യാബ് വിഭാഗത്തില്‍പെടുന്ന വാഹനങ്ങളും സീറ്റൊന്നിന് 75രൂപവീതം നികുതിയടയ്ക്കണം. ഏഴുദിവസമാണ് ഇതിന് പ്രാബല്യമുണ്ടാവുക.

ആറുമാസംമുമ്പ് കര്‍ണാടകയും കേരളത്തില്‍നിന്നുള്ള വിനോദസഞ്ചാരവാഹനങ്ങള്‍ക്ക് സീറ്റൊന്നിന് 600 രൂപവീതം നികുതി ഏര്‍പ്പെടുത്തിയിരുന്നു. ഇതേത്തുടര്‍ന്ന് മൂകാംബിക ഉള്‍പ്പെടെയുള്ള തീര്‍ഥാടനകേന്ദ്രങ്ങളിലേക്കുള്ള യാത്രാച്ചെലവ് കൂടി. ഒപ്പം തീര്‍ഥാടകസംഘങ്ങളുടെ എണ്ണം കുറയുകയും ചെയ്തു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം