അഗ്‌നി-5 മിസൈലിന്റെ വിജയകരമായ വിക്ഷേപണത്തിനെതിരെ വിമര്‍ശവുമായി ചൈന

April 19, 2012 രാഷ്ട്രാന്തരീയം

ബെയ്ജിങ്: അഗ്‌നി5 മിസൈലിന്റെ വിജയകരമായ വിക്ഷേപണത്തിനെതിരെ വിമര്‍ശവുമായി ചൈന മുന്നോട്ടുവന്നു. ഇന്ത്യയ്ക്ക് മിസൈല്‍ മിഥ്യാബോധമാണെന്നും സര്‍ക്കാരിന്റെ ഔദ്യോഗിക പ്രസിദ്ധീകരണമായ ഗ്ലോബല്‍ ടൈംസില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു. ചൈനയുടെ ഭൂരിഭാഗം പ്രദേശങ്ങളും അഗ്‌നി മിസൈലിന്റെ പ്രഹരപരിധിയില്‍ വരുന്നുണ്ടെന്ന് സമ്മതിക്കുന്നു. എന്നാല്‍, ആയുധ മത്സരത്തില്‍ ഇന്ത്യ ചൈനയുടെ അടുത്തെത്തില്ലെന്നും ലേഖനത്തില്‍ പറയുന്നു.

ഭൂഖണ്ഡാന്തര മിസൈലുകള്‍ സ്വന്തമാക്കിയ രാജ്യങ്ങളുടെ ശ്രേണിയിലെത്താനാണ് ഇന്ത്യയുടെ ശ്രമം. എന്നാല്‍, പൊതുവേ ഭൂഖണ്ഡാന്തര മിസൈലുകളുടെ പ്രഹരശേഷി എണ്ണായിരം കിലോമീറ്ററാണ്. ഇന്ത്യയുടേതാകട്ടെ അയ്യായിരം കിലോമീറ്റര്‍ മാത്രവും. മിസൈല്‍ സാങ്കേതികരംഗത്ത് ഇന്ത്യ കാര്യമായ പുരോഗതി കൈവരിച്ചിട്ടുണ്ട്. എന്നാല്‍, അടിസ്ഥാനസൗകര്യങ്ങളുടെ വികസനത്തില്‍ ഏറെ പിന്നാക്കമാണ് ഇന്ത്യ ഇപ്പോഴും. എന്നാല്‍, ആണ്വായുധ വികസനത്തിന്റെ കാര്യത്തില്‍ ഇന്ത്യയ്ക്ക് ജനങ്ങളില്‍ നിന്ന് നല്ല പിന്തുണയാണ് ലഭിക്കുന്നത്. 2012ല്‍ ഇന്ത്യയുടെ പ്രതിരോധ ബജറ്റ് 17 ശതമാനം വരെ വര്‍ധിക്കുകയും ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ആയുധ ഇറക്കുമതി രാജ്യമായിമാറുകയും ചെയ്തിരിക്കുകയാണ്. ഇങ്ങനെ അന്താരാഷ്ട്ര ആണവായുധ, മിസൈല്‍ ഉടമ്പടികള്‍ ഇന്ത്യ നഗ്‌നമായി ലംഘിക്കുന്നത് പാശ്ചാത്ത്യ രാജ്യങ്ങള്‍ കണ്ടില്ലെന്നു നടിക്കുകയാണ് ലേഖനം പറയുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം