സേവനപദ്ധതികളുമായി ശ്രീസത്യസായി മഹാസമാധിദിനാചരണം

April 19, 2012 ദേശീയം

പുട്ടപര്‍ത്തി: വിദ്യാഭ്യാസ-ആതുരശുശ്രൂഷാ മേഖലകളില്‍ നിരവധി പദ്ധതികളുമായി ശ്രീസത്യസായിബാബയുടെ മഹാസമാധിദിനാചരണം നടത്താന്‍ സത്യസായി സെന്‍ട്രല്‍ ട്രസ്റ്റ് തീരുമാനിച്ചു. ആന്ധ്രയിലെ വരള്‍ച്ച ബാധിച്ച ഗ്രാമങ്ങള്‍ക്ക് 80 കോടി രൂപ ചെലവില്‍ നടപ്പാക്കുന്ന ശുദ്ധജലവിതരണപദ്ധതി, ബാംഗ്ലൂരിനടുത്ത് മുദ്ദനഹള്ളിയില്‍ നിര്‍മാണം പൂര്‍ത്തിയായ സായി സര്‍വകലാശാലയുടെ നാലാം ക്യാമ്പസ്, പുട്ടപര്‍ത്തിയിലെയും ബാംഗ്ലൂരിലെയും സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആസ്​പത്രികളുടെ നവീകരണം, ഹൈടെക് മൊബൈല്‍ ആസ്​പത്രികള്‍, വിവരസാങ്കേതികവിദ്യാഭ്യാസ മേഖലയിലെ വിദ്യാവാഹിനി പ്രോജക്ട് എന്നിവ ഇവയിലുള്‍പ്പെടുന്നു.

ഏപ്രില്‍ 23ന് പ്രശാന്തിനിലയത്തില്‍ ‘സത്യസായി ആരാധനാ മഹോത്സവം’ മൂന്നുദിവസം നീണ്ടുനില്ക്കും. ആന്ധ്രാ ഗവര്‍ണര്‍ ഇ.എസ്.എല്‍. നരസിംഹന്‍, പദ്മശ്രീ ഡോ. ജി. വെങ്കട്ടരാമന്‍, ഡോ. സാമുവല്‍ സാന്‍ഡ്‌വീസ്, സ്വാമി ശുദ്ധാനന്ദ (യോഗോദ സൊസൈറ്റി), ജയരാം (രമണാശ്രമം, തിരുവണ്ണാമല) എന്നിവര്‍ സംസാരിക്കും. സത്യസായിബാബയുടെ സമാധിദിനമായ ഏപ്രില്‍ 24ന് രാവിലെ എട്ടു മണിക്ക് വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുന്ന ‘ഗുരുവന്ദനം’ എന്ന സംഗീതപരിപാടിയുമുണ്ടാവും.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം