കടലിലെ വെടിവെയ്പ്പ്: കേരളത്തിന് കേസെടുക്കാന്‍ അധികാരമില്ലെന്ന് കേന്ദ്രം

April 20, 2012 കേരളം,ദേശീയം

ന്യൂഡല്‍ഹി: അറബിക്കടലില്‍ ഇറ്റാലിയന്‍ കപ്പലില്‍ നിന്നു വെടിയേറ്റ് രണ്ടു മല്‍സ്യത്തൊഴിലാളികള്‍ വെടിയേറ്റു മരിച്ച സംഭവത്തില്‍ കേസെടുക്കാന്‍ കേരളത്തിന് അധികാരമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. കേസില്‍ ഉള്‍പ്പെട്ട ഇറ്റാലിയന്‍ കപ്പല്‍ എന്റിക ലെക്‌സി വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ഉടമകള്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി പരിഗണിക്കവേയാണ് കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് തിരിച്ചടിയാവുന്ന നിലപാടെടുത്തത്.
ഇറ്റലിയുടെ വാദത്തിനെ അംഗീകരിക്കുന്നതാണ് കേന്ദ്രത്തിന്റെ ഈനിലപാട്. കേന്ദ്രത്തിന്റെ നിലപാടിനെതിരെ കേസ് കേള്‍ക്കുന്ന ജഡ്ജിമാരില്‍ ഒരാളായ എച്ച്.എല്‍. ഗോഖലെ അതിശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഇത് നിര്‍ഭാഗ്യകരമായ നിലപാടാണെന്ന് അദ്ദേഹം പറഞ്ഞു. മരിച്ചത് ഇന്ത്യാക്കാരാണെന്ന കാര്യം മറക്കരുതെന്നും കോടതി പറഞ്ഞു.
ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയിലല്ല രാജ്യാന്തര കപ്പല്‍ചാലിലാണ് സംഭവം നടന്നതെന്നും അതിനാല്‍ കേസെടുക്കാനോ അന്വേഷണം നടത്താനോ കപ്പല്‍ തടഞ്ഞുവയ്ക്കാനോ സംസ്ഥാനത്തിന് അധികാരമില്ലെന്നും കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ ഹരീഷ് റാവത്ത് വ്യക്തമാക്കി. കേന്ദ്രസര്‍ക്കാരിന്റെ ഈ മലക്കംമറിച്ചിലില്‍ അതൃപ്തി അറിയിച്ച സുപ്രീംകോടതി എല്ലാ കക്ഷികള്‍ക്കും വീണ്ടും നോട്ടീസയക്കാന്‍   ഉത്തരവിട്ടു. ഈ മാസം 30 ന് കേസ് വീണ്ടും പരിഗണിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം