പാലക്കാട് വാഹനാപകടം: മരണം ഏഴായി

April 21, 2012 കേരളം

പാലക്കാട്: ദേശീയപാത കണ്ണാടി വടക്കുമുറിയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം ഏഴായി. അപകടത്തില്‍ പരിക്കേറ്റ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന കാവശ്ശേരി സ്വദേശിനി ശ്രീദേവി ആണ് ശനിയാഴ്ച രാവിലെ മരിച്ചത്.  ലോറി, മിനിവാന്‍, മിനിബസ്സ്, ഓട്ടോറിക്ഷ എന്നിവയാണ് അപകടത്തില്‍പ്പെട്ടത്.

മിനിവാനിലുണ്ടായിരുന്ന ആലത്തൂര്‍ കാവശ്ശേരി കഴനിസ്വദേശി മാധവന്റെ ഭാര്യ മാധവി (മാതു-60), മകന്‍ രവിയുടെ ഭാര്യ സുജാത (42), അഞ്ജന, ഐശ്വര്യ, വാന്‍ഡ്രൈവര്‍ കുഴല്‍മന്ദം കുളവന്‍മൊക്ക് സ്വാമിനാഥന്റെ മകന്‍ മണികണ്ഠന്‍ (40), മിനിബസ്സിലുണ്ടായിരുന്ന പെരുമ്പാവൂര്‍ കുറുപ്പംപടി മുണ്ടിക്കുടി രാജന്‍ വര്‍ഗീസ് എന്നിവരാണ് വെള്ളിയാഴ്ച മരിച്ചിരുന്നത്. ചക്ക കയറ്റി കോയമ്പത്തൂരിലേക്ക് പോവുകയായിരുന്ന ലോറി എതിരെ ആലത്തൂര്‍ഭാഗത്തേക്കുവന്ന മിനിവാനില്‍ ഇടിച്ച് നിയന്ത്രണംവിട്ട് മറിഞ്ഞതാണ് അപകടത്തിന് കാരണം. വെള്ളിയാഴ്ച രാത്രി 9.45 ഓടെയാണ് അപകടം. ലോറിയും മിനിവാനും തമ്മിലാണ് ആദ്യം ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ വാന്‍ പൂര്‍ണമായി തകര്‍ന്നു.

മിനിവാനിനെ ഇടിച്ചുതെറിപ്പിച്ച ലോറി റോഡിനുകുറുകെ തലകീഴായി മറിഞ്ഞു. റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന മിനിബസ്സിനെ ഇടിച്ചുതെറിപ്പിക്കുകയും ചെയ്തു.ഈസമയം റോഡിലൂടെ വരികയായിരുന്ന ഓട്ടോറിക്ഷയുടെ മുകളിലേക്ക് ലോറി മറിഞ്ഞതിനെത്തുടര്‍ന്ന് ഓട്ടോറിക്ഷയും തകര്‍ന്നു. സംഭവസമയത്ത് വൈദ്യുതി ഇല്ലാതിരുന്നത് രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കി. വടക്കുമുറിയില്‍ പെട്രോള്‍പമ്പിന് എതിര്‍ഭാഗത്തുള്ള ഹോട്ടലിന്റെ മുന്‍വശത്ത് നിര്‍ത്തിയിട്ടിരിക്കയായിരുന്നു ബസ്.  പെരുമ്പാവൂരില്‍നിന്ന് വേളാങ്കണ്ണിയിലേക്കുള്ള തീര്‍ഥാടകസംഘമാണ് ബസ്സിലുണ്ടായിരുന്നത്. ബസ് നിര്‍ത്തിസംഘാംഗങ്ങള്‍ പുറത്ത് മരച്ചുവട്ടിലിരുന്ന് ഭക്ഷണംകഴിക്കുകയായിരുന്നു. ഇതിനുശേഷം സംഘാംഗത്തില്‍ രണ്ടുപേര്‍ പാത്രങ്ങള്‍ തിരികെവെക്കാന്‍ ബസ്സിലേക്ക് പോയസമയത്താണ് അപകടം.

മറ്റുള്ളവര്‍ വന്‍ശബ്ദംകേട്ട് തിരിഞ്ഞുനോക്കുമ്പോള്‍ ബസ്സിടിച്ച് തെറിപ്പിച്ച് ലോറി മറിയുന്നതാണ് കണ്ടത്. ഇതോടെ കൂട്ടനിലവിളി ഉയര്‍ന്നു. പാലക്കാട്ടുനിന്ന് ആലത്തൂരിലേക്കുപോയ വാനില്‍ ഒമ്പതുപേരാണ് ഉണ്ടായിരുന്നത്. ഇവരാണ് മരിച്ചവരിലേറെയും. അപകടത്തെത്തുടര്‍ന്ന് രാത്രി 9.45മുതല്‍ രണ്ടുമണിക്കൂര്‍ ദേശീയപാതയില്‍ ഗതാഗതം തടസ്സപ്പെട്ടു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം