എ.എസ്.ജി പറഞ്ഞത് കേന്ദ്രനിലപാടല്ലെന്ന് മുഖ്യമന്ത്രി

April 21, 2012 കേരളം,ദേശീയം

കൊച്ചി:  മത്സ്യത്തൊഴിലാളികളെ വെടിവെച്ചുകൊന്ന കേസില്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഹരേണ്‍.പി.റാവല്‍ സുപ്രീം കോടതിയില്‍ പറഞ്ഞത് കേന്ദ്ര സര്‍ക്കാരിന്റെ നിലപാടല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മത്സ്യത്തൊഴിലാളികളെ വെടിവെച്ചുകൊന്ന സംഭവത്തില്‍ ഉള്‍പ്പെട്ട ചരക്കുകപ്പല്‍ ‘എന്റിക ലെക്‌സി’ വിട്ടുകിട്ടണമെന്ന ആവശ്യവുമായി കപ്പലുടമകള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് കേന്ദ്രസര്‍ക്കാര്‍ ഇറ്റലി അനുകൂല നിലപാട് അറിയിച്ചത്. ഇക്കാര്യത്തില്‍ കേരളത്തിന്റെ പ്രതിഷേധം അറ്റോര്‍ണി ജനറലിനെ അറിയിച്ചിട്ടുണ്ട്. നിയമമന്ത്രിയുമായി ആലോചിച്ച് ഇക്കാര്യത്തില്‍ പരിഹാരമുണ്ടാക്കാമെന്ന് അറ്റോര്‍ണി ജനറല്‍ ഉറപ്പ് തന്നിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട ഒരു കാര്യത്തിനും ഹരേണ്‍.പി.റാവലിനെ നിയോഗിക്കരുതെന്ന് കേന്ദ്ര നിയമമന്ത്രിയോട് ആവശ്യപ്പെട്ടതായും മുഖ്യമന്ത്രി പറഞ്ഞു.  നാവികര്‍ക്കെതിരെ കേസെടുക്കാന്‍ കേരള പോലീസിന് അധികാരമില്ലെന്ന് സുപ്രീം കോടതിയെ കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചത് സംസ്ഥാനത്തിന് വലിയ തിരിച്ചടിയായിരുന്നു.
ഇന്ത്യന്‍ തീരത്ത് നിന്ന് 20.5 നോട്ടിക്കല്‍ മൈല്‍ അകലെ സമുദ്രത്തിലാണ് സംഭവം നടന്നത്. 12 നോട്ടിക്കല്‍ മൈല്‍ വരെ മാത്രമാണ് ഇന്ത്യയുടെ അധികാരപരിധി. കേരള പോലീസിന് ഇറ്റാലിയന്‍ കപ്പല്‍ പിടിച്ചെടുക്കാനോ കേസെടുക്കാനോ അധികാരമില്ല. ചരക്കു കപ്പലില്‍ ഇറ്റലിയുടെ പതാകയാണ് ഉയര്‍ത്തിയത്. മറൈന്‍ മെര്‍ക്കന്റൈല്‍ ബോര്‍ഡ് നടത്തിയ അന്വേഷണത്തില്‍ സംഭവം നടന്നത് അന്താരാഷ്ട്ര നാവിക ചാലിലാണെന്ന് കണ്ടെത്തിയിട്ടുമുണ്ട്- ഹരിന്‍ റാവല്‍ പറഞ്ഞു. ഷിപ്പിങ് മന്ത്രാലയത്തിനുവേണ്ടിക്കൂടിയാണ് അദ്ദേഹം വെള്ളിയാഴ്ച ഹാജരായത്.
കേരള പോലീസിന് അധികാരമില്ലെന്ന് എങ്ങനെയാണ് സര്‍ക്കാറിന് നിലപാടെടുക്കാന്‍ കഴിയുകയെന്ന് ജസ്റ്റിസ് ഗോഖലെ ചോദിച്ചു. ഇത് അംഗീകരിക്കാന്‍ കഴിയില്ല. കൊല്ലപ്പെട്ടത് രണ്ട് ഇന്ത്യന്‍ പൗരന്മാരാണെന്ന ഓര്‍മ വേണം- ജസ്റ്റിസ് ഗോഖലെ പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം