സുപ്രീംകോടതിയില്‍ ഇറ്റലിയുടെ പക്ഷം ചേര്‍ന്ന റാവലിനെ ഒഴിവാക്കും

April 22, 2012 ദേശീയം

ന്യൂഡല്‍ഹി: മത്സ്യത്തൊഴിലാളികളെ ഇറ്റാലിയന്‍ കപ്പലില്‍നിന്നു വെടിവച്ച കേസില്‍ കേന്ദ്രസര്‍ക്കാരിന്റെ നിലപാട് മാറ്റിപ്പറഞ്ഞ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഹരണ്‍ പി. റാവലിനെ കേസില്‍നിന്ന് ഒഴിവാക്കും. ഇതു സംബന്ധിച്ച നിര്‍ദേശം നിയമ മന്ത്രാലയം അറ്റോര്‍ണി ജനറലിനു നല്‍കിയതായാണു സൂചന. പകരം അറ്റോര്‍ണി ജനറല്‍ ജി. ഇ. വഹന്‍വതിയോ സോളിസിറ്റര്‍ ജനറല്‍ റോഹിന്‍ടന്‍ നരിമാനോ സുപ്രീംകോടതിയില്‍ ഹാജരാകും. കേന്ദ്രസര്‍ക്കാരിനു വേണ്ടി റാവല്‍ കോടതിയില്‍ പറഞ്ഞ അഭിപ്രായം 30-നു കേസ് പരിഗണിക്കുമ്പോള്‍ തിരുത്തി അറിയിക്കാനും തീരുമാനിച്ചിട്ടുണ്ട്. കൊല്ലം നീണ്ടകരയില്‍ രണ്ടു മത്സ്യ ത്തൊഴിലാളികള്‍ ഇറ്റാലിയന്‍ ചരക്കുകപ്പലില്‍നിന്നു വെടിയേറ്റു മരിച്ച സംഭവത്തില്‍ കേസെടുക്കാന്‍ കേരള പോലീസിന് അധികാരമില്ലെന്ന റാവലിന്റെ പരാമര്‍ശമാണു വിവാദമുയര്‍ത്തിയത്. സംഭവം നടന്നതു സംസ്ഥാനത്തിന്റെ അധികാരപരിധിക്കു പുറത്ത് അന്താരാഷ്ട്ര സമുദ്രാതിര്‍ത്തിയിലാണെന്നും കേരളത്തിനു കേസെടുക്കാനുള്ള അധികാരമില്ലെന്നുമായിരുന്നു എഎസ്ജി ഹരണ്‍ പി. റാവലിന്റെ നിലപാട്. ഈ നിലപാടിനെ സുപ്രീംകോടതിതന്നെ വിമര്‍ശിച്ചിരുന്നു. അനവസരത്തിലുള്ള എഎസ്ജിയുടെ വിവാദ പരാമര്‍ശത്തിനെതിരേ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുകയുണ്ടായി. ഇറ്റാലിയന്‍ നാവികര്‍ക്ക് അനുകൂലമായി നിലപാടെടുത്ത എഎസ്ജിയെ കേസില്‍നിന്നു മാറ്റണമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കേന്ദ്ര നിയമമന്ത്രി സല്‍മാന്‍ ഖുര്‍ഷിദിനയച്ച കത്തില്‍ ആവശ്യപ്പെട്ടിരുന്നു. കപ്പല്‍ വിട്ടുകൊടുക്കുന്നതു സംബന്ധിച്ച കേസ് വീണ്ടും 30-നു പരിഗണിക്കുമ്പോള്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പറഞ്ഞ അഭിപ്രായം കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ തിരുത്തും. അഭിഭാഷകന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നാകും കേന്ദ്രസര്‍ക്കാരിനുവേണ്ടി ഹാജരാകുന്ന അഭിഭാഷകന്‍ കോടതിയില്‍ പറയുക. വിഷയം ഗൌരവതരമായതിനാല്‍ അറ്റോര്‍ണി ജനറല്‍ തന്നെ ഹാജരാകാനാണു സാധ്യത. ഇന്ത്യന്‍ നിയമം അനുസരിച്ചു നടപടികള്‍ തുടരുമെന്നു സര്‍ക്കാര്‍ ഔദ്യോഗികമായി പലതവണ വ്യക്തമാക്കിയിട്ടുള്ളതാണ്. വിദേശകാര്യ മന്ത്രാലയത്തിന്റെ സമ്മര്‍ദത്തെത്തുടര്‍ന്നാണു വെള്ളിയാഴ്ച രാത്രിതന്നെ കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയം സര്‍ക്കാരിന്റെ നിലപാടു വ്യക്തമാക്കിക്കൊണ്ട് പത്രക്കുറിപ്പ് പുറത്തിറക്കിയത്. ഇക്കാര്യത്തില്‍ കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ. ആന്റണിയും ശക്തമായി ഇടപെട്ടു. തുടര്‍ന്നാണ് എഎസ്ജിയെ കേസില്‍നിന്നു മാറ്റാന്‍ നിയമ മന്ത്രാലയം നടപടിയെടുത്തത്. വിവാദ പരാമര്‍ശം നടത്തിയതു സംബന്ധിച്ച് എഎസ്ജിയോടു വിശദീകരണം തേടാനും കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. റാവലിനെ മാറ്റണം: മുഖ്യമന്ത്രി തിരുവനന്തപുരം: ഇറ്റാലിയന്‍ കപ്പലിലെ നാവികരുടെ വെടിയേറ്റു രണ്ടു മലയാളികള്‍ മരിച്ച കേസില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ നിലപാടിനു വിരുദ്ധമായി സുപ്രീംകോടതിയില്‍ കേസ് വാദിച്ച അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഹരണ്‍ പി. റാവലിനെ കേസില്‍ തുടര്‍ന്നു ഹാജരാകുന്നതില്‍നിന്ന് ഒഴിവാക്കണമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കേന്ദ്ര നിയമ-നീതിന്യായ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദിനെയാണു സംസ്ഥാനത്തിന്റെ നിലപാട് മുഖ്യമന്ത്രി അറിയിച്ചത്. ഇതുസംബന്ധിച്ച കത്ത് കേന്ദ്രമന്ത്രിക്ക് ഇന്നലെ ഫാക്സ് ചെയ്തു. അഡീഷണല്‍ സോളിസിറ്റര്‍ ജനറലിനു പകരം കേസ് അറ്റോര്‍ണി ജനറലിനെ ഏല്പിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഏതു സാഹചര്യത്തിലാണു റാവല്‍ സര്‍ക്കാര്‍ നയങ്ങള്‍ക്കു വിരുദ്ധമായ നിലപാടു കോടതിയില്‍ സ്വീകരിച്ചതെന്ന് അന്വേഷിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം