കളക്ടറുടെ മോചനം: മധ്യസ്ഥംവഹിക്കാന്‍ പ്രൊഫ. ജി. ഹര്‍ഗോപാലിനെ മാവോയിസ്റ്റുകള്‍ നിര്‍ദേശിച്ചു

April 25, 2012 ദേശീയം

റായ്പൂര്‍: കളക്ടര്‍ അലക്‌സ് പോള്‍ മേനോനെ വിട്ടയക്കുന്നതു സംബന്ധിച്ച് മധ്യസ്ഥംവഹിക്കാന്‍ പ്രൊഫ. ജി. ഹര്‍ഗോപാലിനെ മാവോയിസ്റ്റുകള്‍ നിര്‍ദേശിച്ചു. ഇന്നലെ രാത്രി വൈകി എസ്.എം.എസിലൂടെയാണ് മാവോയിസ്റ്റുകള്‍ ഹര്‍ഗോപാലിനെ നിര്‍ദേശിച്ചത്.  സുപ്രീംകോടതി അഭിഭാഷകനും അണ്ണ ഹസാരെ സംഘാംഗവുമായ പ്രശാന്ത് ഭൂഷണ്‍, അഖിലേന്ത്യാ ആദിവാസി മഹാസഭ പ്രസിഡന്റ് മനീഷ് കുഞ്ജം എന്നിവര്‍ മധ്യസ്ഥരാകാന്‍ വിസമ്മതിച്ചതിനെതുടര്‍ന്നാണ് പുതിയ ഒരാളെ നിര്‍ദേശിച്ചത്.

നേരത്തെ ഒറീസയില്‍ കളക്ടര്‍ ആര്‍. വിനീല്‍ കൃഷ്ണയെ മാവോയിസ്റ്റുകള്‍ ബന്ദിയാക്കിയപ്പോള്‍ മധ്യസ്ഥസംഘത്തില്‍ ഹര്‍ഗോപാല്‍ ഉള്‍പ്പെട്ടിരുന്നു.

അതിനിടെ, കളക്ടറുടെ ആരോഗ്യനില ഗുരുതരമാണെന്ന് അറിയിച്ചതിനെതുടര്‍ന്ന് മരുന്ന് എത്തിക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ ഊര്‍ജിതമാക്കി. ആസ്ത്മ രോഗിയായ കളക്ടറുടെ ആരോഗ്യനില ഗുരുതരമാണെന്നും അദ്ദേഹത്തിന് മധ്യസ്ഥര്‍ വഴി മരുന്നുകളുള്‍പ്പെടെയുള്ള സഹായം എത്തിക്കണമെന്നും മാവോവാദികള്‍ സന്ദേശത്തില്‍ അറിയിച്ചിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം