ശ്രീശാരദാപ്രതിഷ്ഠാ ശതാബ്ദി ആഘോഷങ്ങളുടെ സമാപന പരിപാടികള്‍ക്ക് ശിവഗിരിയില്‍ തുടക്കമായി

April 26, 2012 കേരളം

വര്‍ക്കല: ശ്രീശാരദാപ്രതിഷ്ഠാ ശതാബ്ദി ആഘോഷങ്ങളുടെ സമാപന പരിപാടികള്‍ക്ക് ശിവഗിരിയില്‍ തുടക്കമായി. ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി പ്രകാശാനന്ദ ബുധനാഴ്ച രാവിലെ ധര്‍മപതാക ഉയര്‍ത്തിയതോടെയാണ് ആഘോഷപരിപാടികള്‍ തുടങ്ങിയത്. സ്വാമി അമൃതാനന്ദ ഭദ്രദീപം തെളിച്ചു. തുടര്‍ന്ന് 10 ദിവസം നീണ്ടുനില്‍ക്കുന്ന കോടിയര്‍ച്ചനയ്ക്കു തുടക്കമായി. യജ്ഞാചാര്യന്‍ സ്വാമി സുധാനന്ദ ശ്രീശാരദാപുഷ്പാഞ്ജലി മന്ത്രം ജപിച്ചുകൊണ്ട് കോടിയര്‍ച്ചന ഉദ്ഘാടനം ചെയ്തു.

ധര്‍മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, ട്രഷറര്‍ സ്വാമി പരാനന്ദ, ആഘോഷ കമ്മിറ്റി സെക്രട്ടറി സ്വാമി സച്ചിദാനന്ദ, ഗുരുധര്‍മപ്രചാരണ സഭ സെക്രട്ടറി സ്വാമി ഗുരുപ്രസാദ്, സ്വാമി വിശുദ്ധാനന്ദ, ശിവഗിരിമഠം തന്ത്രി സുഗതന്‍, ശ്രീനാരായണ പരമ്പരയില്‍പ്പെട്ട സംന്യാസിശ്രേഷ്ഠന്മാര്‍, ഭക്തജനങ്ങള്‍ തുടങ്ങിയവര്‍ കോടിയര്‍ച്ചനയില്‍ പങ്കെടുത്തു. ചടങ്ങില്‍ ഗുരുധര്‍മപ്രചാരണസഭ വൈസ്​പ്രസിഡന്റ് മുടീത്ര ഭാസ്‌കരപ്പണിക്കര്‍ രചിച്ച ‘ശിവഗിരി എന്റെ പുണ്യഭൂമി’ എന്ന പുസ്തകം സ്വാമി പ്രകാശാനന്ദ, പ്രകാശനംചെയ്തു. ശിവഗിരി മീഡിയാ കമ്മിറ്റി ചെയര്‍മാന്‍ ആര്‍.മോഹന്‍രാജ് ആദ്യപ്രതി ഏറ്റുവാങ്ങി.

വൈകീട്ട് ആചാര്യ സ്മൃതിസമ്മേളനം നടന്നു. ഗുരുവിന്റെ സംന്യസ്തശിഷ്യന്മാരായ ശിലിംഗദാസ സ്വാമികള്‍, ബോധാനന്ദസ്വാമികള്‍ എന്നിവരെക്കുറിച്ചും ഗൃഹസ്ഥശിഷ്യന്മാരായ ഡോ. പി.പല്‍പ്പു, എം.കെ.ഗോവിന്ദപ്രസാദ് എന്നിവരെ സ്മരിച്ചുകൊണ്ടായിരുന്നു പ്രഭാഷണങ്ങള്‍. സ്വാമി സച്ചിദാനന്ദ മോഡറേറ്ററായിരുന്നു. സ്വാമി ശാരദാനന്ദ, കൈതക്കോണം സഹദേവന്‍ തുടങ്ങിയവര്‍ സംസാരിച്ചു. കോടിയര്‍ച്ചന മെയ് ആറിന് സമാപിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം