തൃശ്ശൂര്‍ പൂരത്തിന് പ്രധാന ക്ഷേത്രങ്ങളില്‍ പൂരക്കൊടികള്‍ ഉയര്‍ന്നു

April 26, 2012 കേരളം

തൃശ്ശൂര്‍: ഏറെപ്രശസ്തമായ തൃശ്ശൂര്‍ പൂരത്തിന് പ്രധാന ക്ഷേത്രങ്ങളില്‍ പൂരക്കൊടികള്‍ ഉയര്‍ന്നു. പൂരത്തിന്റെ പ്രധാന പങ്കുകാരായ തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളിലും എട്ട് ഘടകക്ഷേത്രങ്ങളിലുമാണ് ബുധനാഴ്ച കൊടിയേറിയത്. ഉച്ചയ്ക്ക് 12നും 12.15നും ഇടയിലായിരുന്നു പാറമേക്കാവില്‍ കൊടിയേറ്റം. ദേശത്താശാന്‍ എ.എസ്. കുറുപ്പാളിന്റെ സമ്മതം ലഭിച്ചതോടെ ദേശക്കാര്‍ കൊടിയുയര്‍ത്തി.

വലിയപാണിക്കുശേഷം പാറമേക്കാവ് ദേവീദാസന്റെ പുറത്തേറിയെഴുന്നള്ളിയ ഭഗവതിയെ സാക്ഷിനിര്‍ത്തിയായിരുന്നു കൊടിയേറ്റം. തന്ത്രിമാരായ പുലിയന്നൂര്‍ അനുജന്‍ നമ്പൂതിരിപ്പാട്, പുലിയന്നൂര്‍ കൃഷ്ണന്‍ നമ്പൂതിരിപ്പാട് തുടങ്ങിയവരുടെ നേതൃത്വത്തില്‍ പ്രത്യേക പൂജകള്‍ നടന്നു. കൊടിയേറ്റത്തിനുശേഷം ക്ഷേത്രത്തിലെ പാലമരത്തിലും മണികണ്ഠനാലിലും സിംഹമുദ്രയുള്ള മഞ്ഞക്കൊടികള്‍ ഉയര്‍ത്തി. അഞ്ച് ഗജവീരന്മാരുടെ അകമ്പടിയില്‍ എഴുന്നള്ളിയ ദേവിക്ക് തന്ത്രിയുടെ നേതൃത്വത്തില്‍ ആറാട്ടും നടന്നു. പെരുവനം കുട്ടന്‍മാരാരുടെ മേളവും ഉണ്ടായിരുന്നു.

തിരുവമ്പാടി ക്ഷേത്രത്തില്‍ രാവിലെ 11.30നും 12നും ഇടയിലായിരുന്നു കൊടിയേറ്റം. പാരമ്പര്യാവകാശികള്‍ നടത്തിയ ഭൂമിപൂജയ്ക്കുശേഷം ശ്രീകോവിലില്‍ പൂജിച്ച ഉത്സവക്കൊടി നാട്ടുകാര്‍ ഉയര്‍ത്തി. പൂജകള്‍ക്ക് തന്ത്രിമാരായ പുലിയന്നൂര്‍ ശങ്കരന്‍ നമ്പൂതിരിപ്പാട്, പുലിയന്നൂര്‍ കുട്ടന്‍ നമ്പൂതിരിപ്പാട്, മേല്‍ശാന്തി മൂത്തേടത്ത് സുകുമാരന്‍ നമ്പൂതിരി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഉഷശ്ശീവേലിക്ക് കിഴക്കൂട്ട് അനിയന്‍മാരാരുടെ മേളവുമുണ്ടായി.

ഉച്ചയ്ക്ക് തിരുവമ്പാടി ശിവസുന്ദറിന്റെ പുറത്തേറി ഭഗവതി പൂരം പുറപ്പാട് ആരംഭിച്ചു. എഴുന്നള്ളിപ്പ് നായ്ക്കനാലില്‍ എത്തിയതോടെ അവിടെയും നടുവിലാലിലും പൂരപ്പതാകകള്‍ ഉയര്‍ന്നു. നടുവില്‍മഠത്തില്‍ ആറാട്ട് കഴിഞ്ഞ് വൈകീട്ടോടെ ഭഗവതി തിരിച്ചെഴുന്നള്ളി. പൂരത്തിന്റെ ഭാഗമായ ഘടകക്ഷേത്രങ്ങളിലും കൊടിയേറ്റം നടന്നു. ലാലൂര്‍, കാരമുക്ക്, പനമുക്കംപിള്ളി, അയ്യന്തോള്‍, ചെമ്പുക്കാവ്, നെയ്തലക്കാവ്, ചൂരക്കോട്ടുകാവ്, കണിമംഗലം ക്ഷേത്രങ്ങളിലാണ് ബുധനാഴ്ച കൊടിയേറ്റം നടന്നത്. മെയ് ഒന്നിനാണ് തൃശ്ശൂര്‍ പൂരം.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം