ശ്രീശങ്കരന്‍ ഭാരതീയ സംസ്‌കാരത്തിന്റെ പ്രതീകം -മുഖ്യമന്ത്രി

April 27, 2012 കേരളം

കാലടി: ലോകത്തിന് മുന്നില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന ഭാരതീയ സംസ്‌കാരത്തിന്റെ പ്രതീകമാണ് ശ്രീശങ്കരനെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അഭിപ്രായപ്പെട്ടു. യോഗക്ഷേമ സഭ കാലടിയില്‍ സംഘടിപ്പിച്ച ശ്രീശങ്കര ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ഭാരതീയ സംസ്‌കാരത്തിന് അടിത്തറ പാകിയത് ശങ്കരാചാര്യരുടെ വിശാലമായ കാഴ്ചപ്പാടുകളാണ്. ലോകമെമ്പാടും അക്രമവും അരാജകത്വവും വര്‍ധിച്ചു വരുമ്പോഴും നമുക്ക് സമാധാനപരമായി ജീവിക്കാനാകുന്നത് മഹത്തായ സംസ്‌കാരത്തിന്റെ പിന്‍ബലത്താലാണ്. അതിന് നമ്മള്‍ ഏറെ കടപ്പെട്ടിരിക്കുന്നത് അദൈ്വതാചര്യനോടാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശങ്കരാചാര്യരുടെ ജന്മസ്ഥലമായ കാലടിക്ക് അര്‍ഹമായ വികസനം ലഭ്യമായിട്ടില്ലെന്നത് യാഥാര്‍ത്ഥ്യമാണ്. കാലടിയുടെ അടിസ്ഥാന സൗകര്യം വര്‍ധിപ്പിക്കാന്‍ ഈ സര്‍ക്കാര്‍ പ്രത്യേക താത്പര്യമെടുക്കും. അതില്‍ ഏറ്റവും മുന്‍ഗണന കാലടിയിലെ സമാന്തര പാലത്തിനാണ്. അപ്രോച്ച് റോഡുകള്‍ക്ക് എത്രയും വേഗം സ്ഥലം ഏറ്റെടുത്താല്‍ പാലംപണി എടുപ്പത്തിലാകും. അതിന് പണം പ്രശ്‌നമാകില്ല -മുഖ്യമന്ത്രി പറഞ്ഞു.

തെക്കേമഠം ശ്രീശങ്കരാനന്ദ ഭൂതി വലിയമൂപ്പില്‍ സ്വാമിയാര്‍ ദീപം തെളിച്ചു. അഡ്വ. ജോസ് തെറ്റയില്‍ എം.എല്‍.എ. അധ്യക്ഷനായി. മന്ത്രി കെ. ബാബു മുഖ്യപ്രഭാഷണം നടത്തി.

ഡോ. എന്‍.പി.പി. നമ്പൂതിരി, ശൃംഗേരി മഠം മാനേജര്‍ എ. സുബ്രഹ്മണ്യ അയ്യര്‍, പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. സാബു, ശ്രീശങ്കര ട്രസ്റ്റ് ചെയര്‍മാന്‍ അഡ്വ. എം.വി.എസ്. നമ്പൂതിരി, കേരള ബ്രാഹ്മണസഭ വൈസ് പ്രസിഡന്റ് പി.എസ്. രാമന്‍, പുഷ്പക സമാജം പ്രസിഡന്റ് പ്രതീപ് ജ്യോതി, ആദിശങ്കര ജന്മദേശ വികസന സമിതി പ്രസിഡന്റ് പ്രൊഫ. കെ.എസ്.ആര്‍. പണിക്കര്‍, യോഗക്ഷേമ സഭ സംസ്ഥാന വൈസ് പ്രസിഡന്റ് ടി.ആര്‍.വി. നമ്പൂതിരിപ്പാട്, കാപ്പിള്ളി ശ്രീകുമാര്‍ നമ്പൂതിരി എന്നിവര്‍ പ്രസംഗിച്ചു.

ശ്രീശങ്കര ദര്‍ശന സദസ്സില്‍ പ്രൊഫ. കെ.പി. ബാബുദാസ്, ഡോ. പി.സി. മുരളീമാധവന്‍, നാരായണന്‍ ചിറ്റൂര്‍ നമ്പൂതിരിപ്പാട് എന്നിവര്‍ പ്രഭാഷണം നടത്തി. സഭാ വൈസ് പ്രസിഡന്റ് ടി.ആര്‍.വി. നമ്പൂതിരിപ്പാട് അധ്യക്ഷനായി. സ്വര്‍ണത്ത് നാരായണന്‍ നമ്പൂതിരിപ്പാട്, പുലിയന്നൂര്‍ വാസുദേവന്‍ നമ്പൂതിരിപ്പാട് എന്നിവര്‍ പ്രസംഗിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം