നെയ്യാറ്റിന്‍കരയില്‍ സെല്‍വരാജിന്റെ രാജി അസാധുവെന്ന് ഹര്‍ജി

April 27, 2012 കേരളം

കൊച്ചി: നെയ്യാറ്റിന്‍കരയില്‍ ആര്‍. സെല്‍വരാജിന്റെ രാജി സ്വീകരിക്കുമ്പോള്‍ സ്​പീക്കര്‍ ഭരണഘടന പ്രകാരമുള്ള വ്യവസ്ഥ പാലിച്ചില്ലെന്ന് ഹര്‍ജി. രാജി പരപ്രേരണയില്ലാതെ സ്വമേധയാ ആണെന്ന് ചോദിച്ച് ഉറപ്പുവരുത്തേണ്ട ചുമതല സ്​പീക്കര്‍ക്കുണ്ട്. ഭരണഘടനയുടെ 193 (ബി) അനുച്ഛേദം ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. എന്നാല്‍, സെല്‍വരാജിന്റെ കാര്യത്തില്‍ രാജിക്കത്ത്, സ്​പീക്കര്‍ ഇത്തരം അന്വേഷണങ്ങളൊന്നും കൂടാതെ ഉടന്‍ സ്വീകരിക്കുകയായിരുന്നുവെന്നാണ് പരാതി. അതിനാല്‍, രാജി അസാധുവായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് കൊല്ലം സ്വദേശിയായ അഡ്വ. കിഴക്കനേല സുധാകരനാണ് അഡ്വ. സി. രാജേന്ദ്രന്‍ മുഖേന ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളത്.

രാജി അസാധുവായതിനാല്‍ നെയ്യാറ്റിന്‍കരയിലെ തിരഞ്ഞെടുപ്പ് ഈ ഘട്ടത്തില്‍ അനാവശ്യമായി പ്രഖ്യാപിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. സിപിഎം എം.എല്‍.എ. ആയ സെല്‍വരാജിന്റ രാജി അസാധുവാകുന്നതോടെ കൂറുമാറ്റ നിയമപ്രകാരം നടപടി വേണമെന്നാണ് മറ്റൊരു വാദം. ഇദ്ദേഹം നിലവില്‍ യു.ഡി.എഫിന് ഒപ്പമെത്തിയതിനാല്‍ കൂറുമാറ്റ നിയമപ്രകാരം അയോഗ്യത കല്‍പ്പിക്കണമെന്നാണ് ആവശ്യം.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം