ബംഗാരു ലക്ഷ്മണ്‍ കുറ്റക്കാരനെന്നു ഡല്‍ഹി അഡീഷനല്‍ സെഷന്‍സ് കോടതി: ശിക്ഷ നാളെ വിധിക്കും

April 27, 2012 ദേശീയം

ന്യൂഡല്‍ഹി: ആയുധ ഇടനിലക്കാരായി ചമഞ്ഞ് എത്തിയ തെഹെല്‍ക്ക സംഘത്തില്‍നിന്ന് ഒരുലക്ഷം രൂപ കോഴ വാങ്ങിയെന്ന കേസില്‍ ബിജെപി മുന്‍ അധ്യ ക്ഷന്‍ ബംഗാരു ലക്ഷ്മണ്‍ കുറ്റക്കാരനെന്നു ഡല്‍ഹിയിലെ അഡീഷനല്‍ സെഷന്‍സ് കോടതി വിധിച്ചു. ശിക്ഷ നാളെ പറയും. കോടതി വിധിയെ തുടര്‍ന്ന് ബംഗാരുവിനെ  ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

സൈന്യത്തിനു തെര്‍മല്‍ ക്യാമറകള്‍ നല്‍കുന്നതിനുള്ള കരാര്‍ സ്വന്തമാക്കുന്നതിന് എത്തിയ ബ്രിട്ടീഷ് കമ്പനിയുടെ പ്രതിനിധികള്‍ എന്ന നിലയിലാണ് തെഹല്‍ക്ക റിപ്പോര്‍ട്ടര്‍മാര്‍ ബംഗാരുവിനെ സമീപിച്ചത്. എട്ടുതവണ ഇവര്‍ ബംഗാരുവിനെ സന്ദര്‍ശിച്ചു. ഈ സന്ദര്‍ശനങ്ങളും ഒരുലക്ഷം രൂപ കൈക്കൂലി നല്‍കുന്നതും രഹസ്യ ക്യാറയില്‍ പകര്‍ത്തിയ ചെയ്ത സംഘം അത് അവരുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുകയായിരുന്നു.

ബംഗാരുവിന് ഒരുലക്ഷം രൂപയും സഹായികളായ ഉമാ മഹേശ്വരി, സത്യമൂര്‍ത്തി എന്നിവര്‍ക്ക് യഥാക്രമം പതിനായിരം രൂപയും ഒരു സ്വര്‍ണ മാലയും നല്‍കി എന്നായിരുന്നു സിബിഐ കേസ്.  2001 മാര്‍ച്ചിലായിരുന്നു സംഭവം.  അഴിമതി വിരുദ്ധ നിയമ പ്രകാരമാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. ബംഗാരുവിനെ കാണാന്‍ അവസരമൊരുക്കുന്നതിനു വേണ്ടിയാണ് സഹായികള്‍ കൈക്കൂലി വാങ്ങിയത്.

സത്യമൂര്‍ത്തി പിന്നീട് കേസില്‍മാപ്പുസാക്ഷിയായി. സത്യമൂര്‍ത്തിയുടെ വെളിപ്പെടുത്തലുകളാണ് ബംഗാരുവിനെതിരെ നിര്‍ണായകമായത്. അഞ്ചുവര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ബംഗാരുവിനുമേല്‍ ചുമത്തിയിട്ടുള്ളത്. 2000 ഓഗസ്റ്റിലാണ് ബംഗാരു ലക്ഷ്മണ്‍ ബിജെപി പ്രസിഡന്റായത്. അഴിമതി ആരോപണത്തിന്റെ പേരില്‍ എട്ടുമാസത്തിനകം രാജിവയ്‌ക്കേണ്ടിവന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം