ഗവര്‍ണര്‍മാരുടെ സാധ്യതപട്ടിക തയാറായി

April 28, 2012 ദേശീയം

ന്യൂഡല്‍ഹി: കേരളമടക്കം അഞ്ചു സംസ്ഥാനങ്ങളിലേക്കുള്ള ഗവര്‍ണര്‍മാരുടെ സാധ്യതാ പട്ടിക തയാറായി. മധ്യപ്രദേശ് മുന്‍ സ്പീക്കര്‍ ശ്രീനിവാസ് തിവാരി, മുന്‍ കേന്ദ്രമന്ത്രിമാരായ സി.കെ. ജാഫര്‍ ഷെരീഫ്, ആര്‍.കെ. ധവാന്‍, എസ്പിജി മുന്‍ മേധാവി ബി.വി. വാഞ്ചു, ഹരിയാന മുന്‍ പിസിസി പ്രസിഡന്റ് ഫുല്‍ചന്ദ് മുലാന എന്നിവരുടെ പേരുകളാണ് പട്ടികയിലുള്ളത്.

ഇവരുടെ പേരുകള്‍ കോണ്‍ഗ്രസ് കോര്‍ കമ്മിറ്റി അംഗീകരിച്ചതായാണ് സൂചന. ഇതില്‍ മുന്‍ റയില്‍വേ മന്ത്രി ആര്‍.കെ.ധവാന്റെയും ജാഫര്‍ ഷെരീഫിന്റെയും പേരുകളാണ് കേരളത്തിലേക്ക് പരിഗണിക്കുന്നത്. കേരളത്തിലും രാജസ്ഥാനിലും ഗവര്‍ണര്‍മാരില്ലാത്തതിനാല്‍ മറ്റു സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാര്‍ക്ക് അധിക ചുമതല നല്‍കിയിരിക്കുകയാണ്.

ആന്ധ്ര, മഹാരാഷ്ട്ര, മധ്യപ്രദേശ്, യുപി, ഗോവ എന്നീ സംസ്ഥാനങ്ങളിലും ഡല്‍ഹിയിലും ഈ മാസം അവസാനം ഗവര്‍ണര്‍ പദവികളില്‍ ഒഴിവുവരികയാണ്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം