ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മയ്ക്ക് നവതി ആശംസകളുമായി കര്‍ണാടക സംഘം

April 28, 2012 കേരളം

തിരുവനന്തപുരം: ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മയ്ക്ക് നവതി ആശംസകളുമായി കര്‍ണാടക സംഘം എത്തി. മൈസൂര്‍ അഖില ഭാരത ദാസ ഭാരതി സഭയുടെ നേതൃത്വത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം ആയിരത്തി അഞ്ഞൂറ് പേരാണ് തിരുവനന്തപുരത്തെത്തിയത്. സഭ ഡയറക്ടര്‍ അപ്പണ്ണാചാര്യയുടെ നേതൃത്വത്തിലെത്തിയ സംഘം ശ്രീ പദ്മനാഭസ്വാമി ക്ഷേത്രം സന്ദര്‍ശിച്ചു. തുടര്‍ന്ന് ഒരു മണിക്കൂര്‍ സംഘം മാര്‍ത്താണ്ഡവര്‍മയുടെ ആയുരാരോഗ്യങ്ങള്‍ക്കായി വിഷ്ണു സഹസ്രനാമം ജപിച്ചു.

ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ ഫൗണ്ടേഷന്റെയും ഭാരതി സഭയുടെയും സംയുക്താഭിമുഖ്യത്തില്‍ നവതി ആഘോഷ സമ്മേളനവും നടന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉത്രാടം തിരുനാളിനെ കിരീടവും പൊന്നാടയും അണിയിച്ചു. മുഖ്യമന്ത്രിയെ സഭാംഗമായ ബാലകൃഷ്ണ ആദരിച്ചു. ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മലളിതമായ ജീവിതം കൊണ്ട് ജനമനസ്സില്‍ ഇടം നേടിയ ആളാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അദ്ദേഹത്തിന് ഉമ്മന്‍ചാണ്ടി എല്ലാ ആശംസകളും നേര്‍ന്നു. അപ്പണ്ണാചാര്യ നിലവിളക്ക് തെളിച്ചു. ജി.രാജ്‌മോഹന്‍ സ്വാഗതം പറഞ്ഞു. ജയ ശ്രീനവാസ, ഹരേ പദ്മനാഭ സ്തുതികളാല്‍ മുഖരമായിരുന്നു ചടങ്ങുകളെല്ലാം. കര്‍ണാടകവും ശ്രീ പദ്മനാഭസ്വാമി ക്ഷേത്രവും തമ്മിലുള്ള ബന്ധം വളരെക്കാലം പഴക്കമുള്ളതാണെന്ന് മാര്‍ത്താണ്ഡവര്‍മ പറഞ്ഞു. ക്ഷേത്രത്തിന്റെ തുടക്കം തന്നെ കര്‍ണാടകത്തില്‍ നിന്നെത്തിയ ഒരു ഋഷിവര്യനില്‍ നിന്നാണെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങിന് ശേഷം ഭജനയും നടന്നു. അനന്തപദ്മനാഭ ജ്ഞാന സത്രയാത്ര എന്ന് പേരിട്ടിട്ടുള്ള തീര്‍ഥയാത്രാ സംഘമാണ് ഉത്രാടം തിരുനാളിന് നവതി ആശംസകള്‍ നേരാനായി എത്തിയത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം