ബംഗാരു ലക്ഷ്മണിന് 4 വര്‍ഷം തടവും ലക്ഷം രൂപ പിഴയും

April 28, 2012 ദേശീയം

ന്യൂഡല്‍ഹി: ആയുധ ഇടപാടിന്റെ പേരില്‍ തെഹല്‍ക്ക സംഘത്തില്‍ നിന്ന് ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസില്‍ ബിജെപി മുന്‍ അധ്യക്ഷന്‍ ബംഗാരു ലക്ഷ്മണിന് നാലുവര്‍ഷം തടവും ഒരു ലക്ഷം രൂപയും പിഴയും ശിക്ഷ. ഡല്‍ഹിയിലെ അഡീഷനല്‍ സെഷന്‍സ് ജഡ്ജി കന്‍വല്‍ ജീത് അറോറയാണ് ശിക്ഷ വിധിച്ചത്. ബംഗാരു ലക്ഷ്മണിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. കേസില്‍ ഇദ്ദേഹം കുറ്റക്കാരനാണെന്ന് കോടതി ഇന്നലെ കണ്ടെത്തിയിരുന്നു.

ഇരുവിഭാഗത്തിന്റയും വാദം കേട്ട ശേഷമാണ് കോടതി വിധി പ്രഖ്യാപിച്ചത്. പ്രതിക്കു പരമാവധി ശിക്ഷയായ അഞ്ചുവര്‍ഷം തടവ് നല്‍കണമെന്ന് സിബിഐ ആവശ്യപ്പെട്ടു. അതേസമയം, പ്രായവും ആരോഗ്യനിലയും പരിഗണിച്ചു ശിക്ഷയില്‍ ഇളവു നല്‍കണമെന്നായിരുന്നു ബംഗാരുവിന്റെ ആവശ്യം. രണ്ടുതവണ ബൈപാസ് സര്‍ജറിക്കു വിധേയനായിട്ടുണ്ടെന്നും ആദ്യമായിട്ടാണ് കുറ്റക്കാരനായി ചിത്രീകരിക്കപ്പെടുന്നതെന്നും പ്രത്യേക പരിഗണന നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ ആവശ്യം തള്ളിയ കോടതി, രാജ്യത്ത് എന്തും നടക്കുമെന്ന മനോഭാവം അനുവദിക്കാനാ വില്ലെന്ന് അഭിപ്രായപ്പെട്ടു. അതേസമയം, വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ പോകുമെന്ന് ബംഗാരുവിന്റെ അഭിഭാഷകന്‍ അറിയിച്ചു.

ബംഗാരുവിന് ഒരുലക്ഷം രൂപയും സഹായികളായ ഉമാ മഹേശ്വരി, സത്യമൂര്‍ത്തി എന്നിവര്‍ക്ക് യഥാക്രമം പതിനായിരം രൂപയും ഒരു സ്വര്‍ണ മാലയും നല്‍കി എന്നായിരുന്നു സിബിഐ കേസ്.   2001 മാര്‍ച്ചിലായിരുന്നു സംഭവം.  അഴിമതി വിരുദ്ധ നിയമ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ബംഗാരുവിനെ കാണാന്‍ അവസരമൊരുക്കുന്നതിനു വേണ്ടിയാണ് സഹായികള്‍ കൈക്കൂലി വാങ്ങിയത്.

സത്യമൂര്‍ത്തി പിന്നീട് കേസില്‍ മാപ്പുസാക്ഷിയായി. സത്യമൂര്‍ത്തിയുടെ വെളിപ്പെടുത്തലുകളാണ് ബംഗാരുവിനെതിരെ നിര്‍ണായകമായത്. അഞ്ചുവര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ബംഗാരുവിനുമേല്‍ ചുമത്തിയിട്ടുള്ളത്. 2000 ഓഗസ്റ്റിലാണ് ബംഗാരു ലക്ഷ്മണ്‍ ബിജെപി പ്രസിഡന്റായത്. അഴിമതി ആരോപണത്തിന്റെ പേരില്‍ എട്ടുമാസത്തിനകം രാജിവയ്‌ക്കേണ്ടിവന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം