നാവിക സേനയ്ക്കുള്ള ചെറുയുദ്ധവിമാനത്തിന്റെ പരീക്ഷണപ്പറക്കല്‍ വിജയം

April 28, 2012 ദേശീയം

ബാംഗ്ലൂര്‍: നാവികസേനയ്ക്കു വേണ്ടി നിര്‍മിച്ച ചെറുയുദ്ധവിമാനത്തിന്റെ (എന്‍.പി.1) ആദ്യ പരീക്ഷണപ്പറക്കല്‍ വിജയകരമായി നടത്തി. എച്ച്.എ.എല്‍. വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം ഇരുപതു മിനിറ്റ് പറന്നു. വൈമാനികരായ കമ്മൊഡോര്‍ ടി.എ.മാവലങ്കറും വിങ് കമാന്‍ഡര്‍ എം.പ്രഭുവും ചേര്‍ന്നാണ് വിമാനം പറത്തിയത്. 30 നോട്ടിക്കല്‍ മൈല്‍ ദൂരം പതിനായിരം അടി ഉയരത്തില്‍വരെ പറന്നതായി വൈമാനികര്‍ അറിയിച്ചു.

എച്ച്.എ.എല്‍, ഏറോനോട്ടിക്കല്‍ ഡവലപ്പ്‌മെന്റ് ഏജന്‍സി എന്നിവയുടെ നേതൃത്വത്തിലാണ് വിമാനം നിര്‍മിച്ചത്. ഡി.ആര്‍.ഡി.ഒ, സി.എസ്.ഐ.ആര്‍. എന്നിവയടക്കം നൂറോളം സ്ഥാപനങ്ങളുടെ സഹകരണം ഇതിനുണ്ട്. ഡി.ആര്‍.ഡി.ഒ. ഡയറക്ടര്‍ ജനറലും പ്രതിരോധമന്ത്രിയുടെ മുഖ്യ ശാസ്ത്രഉപദേഷ്ടാവുമായ ഡോ.വി.കെ.സാരസ്വത്, എയര്‍ ചീഫ് മാര്‍ഷല്‍ എന്‍.എ.കെ.ബ്രൗണെ, വൈസ് അഡ്മിറല്‍ സതീഷ് സോണി, എയര്‍ മാര്‍ഷല്‍ രജീന്ദര്‍ സിങ്, എച്ച്.എ.എല്‍. ചെയര്‍മാന്‍ ആര്‍.കെ.ത്യാഗി, പി.എസ്. സുബ്രഹ്മണ്യന്‍, സി.ഡി.ബാലാജി, ഡോ.കെ തമിഴ്മണി എന്നിവര്‍ പരീക്ഷണപ്പറക്കല്‍ കാണാന്‍ എത്തിയിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം