കടല്‍ക്കൊല: കേസ്‌ ഒത്തൂതീര്‍ത്തത്‌ നിയമവിരുദ്ധമായെന്ന്‌ സുപ്രീംകോടതി

April 30, 2012 ദേശീയം

ന്യൂഡല്‍ഹി: കേരളതീരത്തു കടലില്‍ രണ്ട്‌ മല്‍സ്യത്തൊഴിലാളികള്‍ വെടിയേറ്റു കൊല്ലപ്പെട്ട കേസില്‍ ഇറ്റാലിയന്‍ സര്‍ക്കാരും മല്‍സ്യത്തൊഴിലാളികളുടെ കുടുംബാംഗങ്ങളും തമ്മിലുണ്ടാക്കിയ ഒത്തുതീര്‍പ്പ്‌ വ്യവസ്‌ഥകള്‍ നിയമവിരുദ്ധമെന്ന്‌ സുപ്രീം കോടതി. കരാര്‍ വ്യവസ്‌ഥകള്‍ക്കെതിരെ സംസ്‌ഥാനസര്‍ക്കാര്‍ നടപടിയെടുക്കണമെന്ന്‌ കോടതി നിര്‍ദേശിച്ചു. ഇന്ത്യന്‍ നിയമവ്യവസ്‌ഥയെ പരാജയപ്പെടുത്താനുള്ള ശ്രമം അംഗീകരിക്കാനാവില്ലന്ന്‌ സുപ്രീംകോടതി ഡിവിഷന്‍ ബെഞ്ച്‌ വ്യക്‌തമാക്കി.
കേസില്‍ ഉള്‍പ്പെട്ട ഇറ്റാലിയന്‍ കപ്പല്‍ എന്റിക ലെക്‌സി വിട്ടുകിട്ടണമെന്ന്‌ ആവശ്യപ്പെട്ട്‌ കപ്പലുടമകള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവേ ആണ്‌ സുപ്രീംകോടതി ഇങ്ങനെ നിരീക്ഷിച്ചത്‌.

നഷ്‌ടപരിഹാരം നല്‍കി കേസ്‌ ഒത്തുതീര്‍പ്പാക്കാനാവില്ലെന്ന്‌ സുപ്രീംകോടതി പറഞ്ഞു. ലോക്‌ അദാലത്തില്‍ ഒത്തുതീര്‍പ്പുണ്ടാക്കിയാല്‍ ഇതിന്‌ കോടതിയുടെ അന്തിമ അനുമതി വേണമെന്നും കോടതി വ്യക്‌തമാക്കി. പണം കൊടുത്ത്‌ കേസിലെ നിര്‍ണായക തെളിവുകള്‍ ഇല്ലാതാക്കാന്‍ ഇറ്റാലിയന്‍ സര്‍ക്കാര്‍ ശ്രമിച്ചുവെന്നും ജസ്‌റ്റിസുമാരായ ആര്‍.എം.ലോധയും എച്ച്‌.എല്‍.ഗോഖലെയും അടങ്ങുന്ന ബെഞ്ച്‌ നിരീക്ഷിച്ചു. കോടതിക്കു പുറത്ത്‌ എങ്ങനെയാണ്‌ കരാറുണ്ടാക്കാനാവുകയെന്ന്‌ കോടതി ചോദിച്ചു. കരാറിനെ ചോദ്യംചെയ്യാത്ത സംസ്‌ഥാന സര്‍ക്കാരിന്റെ നിലപാടിനെയും കോടതി വിമര്‍ശിച്ചു. ഒത്തുതീര്‍പ്പ്‌ ശ്രമം അറിഞ്ഞില്ലെന്നു സംസ്‌ഥാന സര്‍ക്കാരിന്റെ അഭിഭാഷകന്‍ ഗോപാല്‍ സുബ്രഹ്‌മണ്യം മറുപടി നല്‍കി.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം