വാഹനങ്ങളില്‍ കൂള്‍ഫിലിം ഒട്ടിക്കുന്നതിനു നിരോധനം

May 2, 2012 ദേശീയം

ന്യൂഡല്‍ഹി: വാഹനങ്ങളുടെ ഗ്ലാസുകളില്‍ കൂള്‍ഫിലിം ഒട്ടിക്കുന്നത്   സുപ്രീം കോടതി പൂര്‍ണമായി നിരോധിച്ചു. വെള്ളിയാഴ്ച മുതല്‍ നിരോധനം നടപ്പിലാക്കണമെന്ന്   കോടതി   പൊലീസിന് നിര്‍ദേശം നല്‍കി. അതേസമയം വാഹന നിര്‍മാതാക്കള്‍ ഉപയോഗിക്കുന്ന റ്റിന്റഡ് ഗ്ലാസുകള്‍ക്ക് നിരോധനമില്ല.

കൂള്‍ഫിലിമുകള്‍ ഒട്ടിച്ച വാഹനങ്ങള്‍ കൂടുതലായി കുറ്റകൃത്യങ്ങള്‍ക്കുപയോഗിക്കുന്നുവെന്നാണ്   പരാതിക്കാരനായ   അഭിഷേക് ഗോയങ്ക സുപ്രീം കോടതിയില്‍വാദിച്ചത്. ലൈംഗിക പീഡനങ്ങളടക്കം ഇരുപതിലേറെ കേസുകളില്‍ കൂള്‍ഫിലിം ഒട്ടിച്ച  വാഹനങ്ങളുപയോഗിച്ചതിന്റെ തെളിവുകളും   പരാതിക്കാരന്‍ കോടതിയില്‍ നിരത്തി. ഇതെല്ലാം കണക്കിലെടുത്താണ്   വാഹനളില്‍ കൂള്‍ഫിലിമൊട്ടിക്കുന്നത് പൂര്‍ണമായി നിരോധിച്ച് ചീഫ് ജസ്റ്റിസ് എസ്. എച്ച് കപാഡിയ ഉള്‍പ്പെട്ട മൂന്നംഗ ബെഞ്ച് ഉത്തരവിട്ടത്.

നിലവില്‍ മോട്ടോര്‍വാഹനനിയമമനുസരിച്ച് വാഹനങ്ങളുടെ പുറകിലെ ഗ്ലാസുകളില്‍ 70 ശതമാനവും വശങ്ങളിലെ ഗ്ലാസുകളില്‍ 50 ശതമാനവും സുതാര്യത മാത്രമേ നിഷ്‌കര്‍ഷിക്കുന്നുള്ളൂ. കറുത്ത ഫിലിമൊട്ടിക്കുന്നതിന്   സുപ്രീം കോടതി പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തിയതോടെ പൊലീസിന്     ഉടന്‍ നടപടി സ്വീകരിക്കാനാകും. ഫിലിമൊട്ടിച്ച വാഹനങ്ങള്‍ കണ്ടാല്‍ പിഴ ഈടാക്കാനും ഉടന്‍തന്നെ ഫിലിം ഇളക്കി മാറ്റാനുമാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.   ഉടമകള്‍ ഇതിന് തടസ്സം നിന്നാല്‍   വാഹനം പിടിച്ചെടുക്കാനാണ്   സുപ്രീം കോടതി ഉത്തരവ്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം