മുല്ലപ്പെരിയാര്‍: ഉന്നതാധികാര സമിതി റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് കേരളത്തിനും തമിഴ്‌നാടിനും നല്‍കാന്‍ സുപ്രീം കോടതി

May 4, 2012 ദേശീയം

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഉന്നതാധികാര സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് കേരളത്തിനും തമിഴ്‌നാടിനും നല്‍കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചു. മുദ്രവച്ച കവറില്‍ റിപ്പോര്‍ട്ട് കൈമാറാനാണ് അഞ്ചംഗ ഭരണഘടന ബെഞ്ചിന്റെ നിര്‍ദേശം.

പ്രശ്‌നത്തിന് രാഷ്ട്രീയ  സമവായം കൂടി കാണണമെന്ന് കേരളത്തിന്റെ അഭിഭാഷകന്‍ ഹരീഷ് സാല്‍വേ ആവശ്യപ്പെട്ടു.   ഇക്കാര്യത്തില്‍ നമുക്ക് പ്രതീക്ഷിക്കാനും പ്രാര്‍ഥിക്കാനുമേ കഴിയൂ എന്നായിരുന്നു ബെഞ്ചില്‍ അംഗമായ ജസ്റ്റിസ് ആര്‍.എം.ലോധയുടെ പ്രതികരണം.

അതേസമയം സുര്‍ക്കി പരിശോധയ്ക്കായി അണക്കെട്ടില്‍ നിര്‍മിച്ച ബോര്‍ ഹോളുകള്‍ അടയ്ക്കാന്‍ തമിഴ്‌നാട് അനുമതി ചോദിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ കോടതി നിര്‍ദേശങ്ങളൊന്നും നല്‍കിയില്ല.    കേസ് ജൂലൈ 23 ന് വീണ്ടും പരിഗണിക്കും.

മുല്ലപ്പെരിയാര്‍ പ്രശ്‌നപരിഹാരത്തിന് മാര്‍ഗങ്ങള്‍ നിര്‍ദേശിക്കുന്ന ഉന്നതിധാകാരസമിതിയുടെ അന്തിമ റിപ്പോര്‍ട്ട് കഴിഞ്ഞ മാസം ഇരുപത്തിയഞ്ചിന് സുപ്രീംകോടതിയില്‍ മുദ്രവച്ച കവറില്‍ സമര്‍പ്പിച്ചിരുന്നു.   റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷം കേസ് ആദ്യമായിട്ടാണ് കോടതി ഇന്ന് പരിഗണിച്ചത്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം