നാദലയം

May 4, 2012 പാദപൂജ

ഗുരുനാഥനായ ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദരെക്കുറിച്ച് ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ രചിച്ച പാദപൂജ എന്ന ഗ്രന്ഥത്തില്‍ നിന്ന്.

ഓങ്കാരോപാസനയില്‍ സാധകനനുഭവപ്പെടുന്ന നാദഭേദങ്ങളെപ്പറ്റി ഉനിഷത്പ്രസ്താവമുണ്ട്. ഉപാസനയുടെ ആദ്യകാലഘട്ടം, മധ്യകാലഘട്ടം, അന്ത്യകാലഘട്ടം എന്നിങ്ങനെ മൂന്നായി തരംതിരിച്ചുകൊണ്ടാണ് സാധകന്‍ അനുഭവിക്കുന്ന നാദഭേദത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഓരോ നാദമാത്രയിലുമുണ്ടാകുന്ന അധ്യാത്മാനുഭൂതി മനസ്സിനെ അതാത് നാദങ്ങളില്‍ കേന്ദ്രീകരിച്ചും ലയിപ്പിച്ചും അനുഭവിക്കുന്നതാണ്. അഭ്യാസത്തിന്റെ ആദ്യകാലങ്ങളില്‍ സാധകന് അനുഭവപ്പെടുന്ന നാദങ്ങള്‍ പലതും വളരെ ഉച്ചത്തിലുള്ളതായിരിക്കും. ഒന്നാം ഘട്ടത്തില്‍ ക്രമമനുസരിച്ച് ആദ്യം സമുദ്രത്തിന്റെ ശബ്ദവും രണ്ടാമത് മേഘനാദവും മൂന്നാമത് ഭേരീനാദവും നാലാമത് അരുവിയുടെശബ്ദവും ഉണ്ടാകുന്നതായി ഉപനിഷത്ത് ഘോഷിക്കുന്നു. നാദങ്ങള്‍ മന്ദസ്വരത്തില്‍നിന്ന് ഘനസ്വരത്തിലേക്കും ഘനസ്വരത്തില്‍നിന്ന് മന്ദസ്വരത്തിലേക്കും ഗമിക്കുന്നതായി സാധകന് ഉപാസനാഘട്ടത്തിലെ പരിശീലനത്തിന്റെ ഏറ്റക്കുറച്ചിലനുസരിച്ച് അനുഭവപ്പെട്ടുകൊണ്ടിരിക്കും.

”ഘനമുത്‌സൃജ്യ വാ സൂക്ഷമേ
സൂക്ഷ്മമുത്‌സൃജ്യ വാ ഘനേ”. – ‘സാധകന്‍ മന്ദസ്വരത്തില്‍ നിന്നും ഘനസ്വരത്തിലേക്കും ഘനസ്വരത്തില്‍നിന്നും മന്ദസ്വരത്തിലേക്കും ഗമിക്കണം’. ഘനമായാലും മന്ദമായാലും നാദങ്ങളുടെ വ്യത്യാസങ്ങളില്‍ മനസ്സ് കേന്ദ്രീകരിക്കുന്നു. നാദങ്ങളില്‍ കേന്ദ്രീകരിക്കുന്ന മനസ്സ് അതാത് നാദസ്വഭാവത്തില്‍ ലയിക്കുന്നു. ഇങ്ങനെ മൂന്നുഘട്ടങ്ങളിലും അനുഭവപ്പെടുന്ന നാദങ്ങള്‍ മനസ്സിന്റെലയത്തിന് കാരണമായിത്തീരുന്നു. മനസ്സിനെ അലയാനനുവദിക്കാതെ നാദലയത്തില്‍ സ്ഥിരീകരിച്ച് ചിദാകാശത്തിലെത്തിച്ചേരുന്നതുവരെ സാധകന്‍ ഉപാസനതുടരണം. രണ്ടാംഘട്ടത്തില്‍ മദ്ദളം, ചെണ്ട, കാഹളം (കുഴല്‍) തുടങ്ങിയനാദഭേദങ്ങളും മൂന്നാംഘട്ടത്തില്‍ കിങ്കിണി, വംശം (ചീങ്കുഴല്‍), വീണ, ഭ്രമരം തുടങ്ങിയവയുടെ ശബ്ദങ്ങളും കേട്ടു തുടങ്ങുന്നു. നാദലയത്തിലൂടെ പ്രണവസ്വരൂപമായിമാറുന്ന അനുഭവമാണ് സാധകന്‍ കൈവരിക്കുന്നത്. ശാസ്ത്രപഠനങ്ങളൊന്നുമില്ലാത്ത സ്വാമിജിയില്‍ പ്രണവസ്വരൂപസ്വഭാവം എത്രകണ്ട് താദാത്മ്യംപ്രാപിച്ചിരുന്നുവെന്ന് അനുഭവങ്ങള്‍കൊണ്ടുതന്നെ വിവരിക്കാവുന്നതാണ്. ഓരോ നാദത്തിലും മനസ്സിനോടൊത്ത് ലയമുണ്ടാകുന്ന അനുഭവമാണ് സാധകനുള്ളത്. മനസ്സിനെ ഉപരിലോകങ്ങളിലേക്കുനയിക്കുകയും അവിടവിടെയുള്ള ധ്വനിയില്‍ലയിപ്പിക്കുകയും ചെയ്യുന്നതിനെ ‘ഉന്മനീകാരകം’ എന്ന പദംകൊണ്ടാണ് വര്‍ണിച്ചിരിക്കുന്നത്. ബാഹ്യലോകത്തില്‍നിന്ന് വിരക്തനായി സര്‍വദാ ഉന്മനീകാരകമായിരിക്കുന്ന നാദത്തെ അറിഞ്ഞുപാസിക്കുന്ന സാധകന്‍ സര്‍വചിന്തയില്‍നിന്നും വിമുക്തനായി സര്‍വചേഷ്ടകളും വര്‍ജിച്ചവനായി, നാദത്തില്‍തന്നെ വിലയിച്ച് മുക്തിനേടുന്നു.

”വിസ്മൃത്യ സകലം ബാഹ്യം നാദേ ദുഗ്ദ്ധാംബുവന്മനഃ
ഏതീഭൂയാഥ സഹസാ ചിദാകാശേ വിലീയതേ”.
-‘ബാഹ്യമായ സകലതുംമറന്ന് മനസ്സ് നാദത്തിലേകീഭവിച്ച് പാലില്‍ വെള്ളമെന്നപോലെ ചിദാകാശത്തില്‍ ലീനമായിത്തീരുന്നു”. ഇങ്ങനെ ജീവന്റെ യഥാക്രമമുള്ള പ്രണവസന്ധാനപരോഗതി യോഗലക്ഷ്യാനുഭൂതിനേടിയ ഗുരുക്കന്മാരിലൂടെമാത്രമേ ഗ്രഹിക്കുവാനാകൂ. തേന്‍കുടിച്ച് അതില്‍തന്നെ ലീനനായിരിക്കുന്ന വണ്ട് ഗന്ധത്തെയറിയാത്തതുപോലെ നാദാസക്തമായ ചിത്തം വിഷയങ്ങളെ ഗ്രഹിക്കുന്നില്ല.

വിഷയവിചാരങ്ങളെ ഉദ്യാനമായിട്ട് സങ്കല്പിക്കുന്നതിന്റെ സ്വാരസ്യം ഉപനിഷത്ത് ആവഹിക്കുന്നു. ഉദ്യാനത്തില്‍ വിവിധനിങ്ങളോടുകൂടിയ പൂക്കളും അവയോരോന്നിനും പ്രത്യേകം പ്രത്യേകം സുഗന്ധവും പൂക്കളെ വഹിക്കുന്ന ചെടികള്‍ക്ക് പ്രത്യേകസ്വഭാവമുണ്ട്. പൂക്കളന്വേഷിച്ച് ധാരാളംവണ്ടുകളും തേനീച്ചകളും പറന്നെത്തുന്നു. പുഴുക്കളും മറ്റുകീടങ്ങളും പൂക്കളെയും ചെടിയെത്തന്നെയും കരണ്ടുതിന്നുന്നതിന് തയ്യാറായിനില്‍ക്കുന്നു. മനുഷ്യജീവിതത്തെയും ആഗ്രഹങ്ങളെയും മേല്‍പറഞ്ഞ ഉദ്യാനത്തോടുപമിയ്ക്കാം. ഉദ്യാനത്തില്‍പ്രവേശിക്കുന്ന മത്തഗജം ഉദ്യാനത്തിന്റെ സര്‍വസൗന്ദര്യങ്ങളും നശിപ്പിച്ച് വിഹരിക്കുന്നതുപോലെ മനസ്സാകുന്ന മദയാന വിവിധ വിഷയചിന്തകളാകുന്ന പൂക്കളും ചെടുകളുമുള്ള ആഗ്രഹങ്ങളുടെ ഉദ്യാനത്തില്‍ വിഹരിക്കുന്നവനാണ്. ഈ മത്തഗജത്തിന്റെ നിയന്ത്രണത്തിന് സമര്‍ത്ഥമായ അങ്കുശം (തോട്ടി) നാദലയമാണ്.

”വിസ്മൃത്യ വിശ്വമേകാഗ്രഃ കുത്രചിന്നഹിധാവതി
മനോന്മത്തഗജേന്ദരസ്യ വിഷയോദ്യാനചാരിണഃ”
അന്തരംഗത്തെ മാനായും വായുവിന്റെ വാഹനമായ മാനിനെ ബന്ധിക്കുന്തിന് നാദം, ശക്തമായ ഉപകരണമായും വര്‍ണിക്കുന്നതിലൂടെ നാദലയടപ്രാധാന്യത്തെ ശക്തമാക്കുകയാണു ഉപനിഷത്ത് ചെയ്യുന്നത്. അന്തരംഗസമുദ്രത്തെ നിരോധിക്കുന്നതിനുള്ള കരയായും പ്രണവാധിഷ്ഠിതമായ ഈ നാദത്തെ വര്‍ണിച്ചിട്ടുണ്ട്. ശബ്ദം പ്രവര്‍ത്തിക്കുന്ന കാലംവരെ ആകാശസങ്കല്പവും ആകാശസങ്കല്പമുള്ളകാലംവരെ ശബ്ദ പ്രവര്‍ത്തനവും ഉണ്ടായിരിക്കും. നേരത്തേസൂചിപ്പിച്ച (പ്രണവത്തിന്റെ) ഏഴാം മാത്രയില്‍ മനസ്സ് ലയിക്കുമ്പോള്‍ സംഭവിക്കുന്ന നാദലയത്തിലൂടെ സാധകന്‍ ചെന്നത്തുന്നത് വിഷ്ണുപദത്തിലാണ്.
”മനസ്തത്ര ലയംയാതി തദ്‌വിഷ്‌ണോഃ പരമംപദം
ാവദാകാശസങ്കല്‌പോ യാവച്ഛബ്ദഃ പ്രവര്‍ത്തതേ”. – മനസ്സ് എവിടെയാണ്‌#ോ ലയിക്കുന്നത് (പ്രണവത്തില്‍) അതുതന്നെയാണ് വിഷ്ണുവിന്റെ പരമപദം. ശബ്ദം ഏതുവരെ ലയിക്കുമോ അതുവരെ മാത്രമേ ആകാശസങ്കല്പമുള്ളൂ’. നാദമുള്ളതുവരെ മനസ്സും നാദാന്തത്തില്‍ മനോന്മനിയെന്ന അനുഭവവിശേഷവും സാധകനുലഭിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - പാദപൂജ