കൂടല്‍മാണിക്യം ഉത്സവത്തിന് കൊടിയേറി

May 4, 2012 കേരളം,ക്ഷേത്രവിശേഷങ്ങള്‍

ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി. ഇന്നലെ (വ്യാഴാഴ്ച) രാത്രി 8നും 8.30നും മദ്ധ്യേയുള്ള ശുഭമുഹൂര്‍ത്തത്തിലാണ് നൂറുകണക്കിന് ഭക്തജനങ്ങളെയും ദേവസ്വം ഭാരവാഹികളെയും സാക്ഷിനിര്‍ത്തി തന്ത്രി നഗരമണ്ണ് ഇല്ലത്ത് ത്രിവിക്രമന്‍ നമ്പൂതിരി കൊടിയേറ്റം നിര്‍വഹിച്ചത്.  വൈകീട്ട് ആചാര്യവന്ദനത്തില്‍ കുളമണ്ണില്‍ നാരായണന്‍ മൂസ് കൂറയും പവിത്രവും ആചാര്യന് കൈമാറിയതോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. രാത്രി എട്ടുമണിയോടെ പാണികൊട്ടി വാഹനത്തേയും മറ്റും ആവാഹിച്ച കൊടിക്കൂറ, കൂര്‍ച്ചം, മണി, മാല എന്നിവ കൊടിമരച്ചുവട്ടിലേയ്ക്ക് എഴുന്നള്ളിച്ചശേഷം തന്ത്രി ത്രിവിക്രമന്‍ നമ്പൂതിരി കൊടിമരച്ചുവട്ടില്‍ മൂന്നുതവണ പ്രദക്ഷിണം വെച്ചു. തുടര്‍ന്ന് കൊടിമര പൂജ നടത്തി മംഗളധ്വനികളോടെ കൊടിയേറ്റ് നടത്തി.

മൂന്നുദിവസം നീണ്ടുനിന്ന ശുദ്ധിക്രിയകള്‍ വ്യാഴാഴ്ച സമാപിച്ചു. ശ്രീകോവിലില്‍ നിന്ന് ഭഗവാന്‍ ആദ്യമായി പുറത്തേയ്ക്ക് എഴുന്നള്ളുന്ന കൊടിപ്പുറത്ത് വിളക്ക് വെള്ളിയാഴ്ച ആഘോഷിക്കും.  മാതൃക്കല്‍ ദര്‍ശനം എന്ന പേരിലാണ് ഈ ചടങ്ങ് അറിയപ്പെടുന്നത്. ഈ സമയത്ത് ഭക്തജനങ്ങള്‍ക്ക് ഭഗവാനെ വണങ്ങാന്‍ അവസരം ലഭിക്കും. തുടര്‍ന്ന് ദേവനെ കിഴക്കേ നടപ്പുരയ്ക്കലേക്ക് എഴുന്നള്ളിക്കും. തിരുവമ്പാടി ശിവസുന്ദര്‍ തിടമ്പേറ്റും. തുടര്‍ന്ന് വിളക്കാചാരം, കേളി, പറ്റ് തുടങ്ങിയവയ്ക്കുശേഷം പ്രദക്ഷിണം പൂര്‍ത്തിയാക്കി കിഴക്കെ നടപ്പുരയിലെത്തുന്നതോടെ ആദ്യ വിളക്കെഴുന്നള്ളിപ്പ് നടക്കും. പതിനേഴ് ആനകള്‍ വിളക്കെഴുന്നള്ളിപ്പില്‍ അണിനിരക്കും. പെരുവനം കുട്ടന്‍മാരാര്‍ പഞ്ചാരി മേളത്തിന്  പ്രാമാണികത്വം വഹിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം