ഈശ്വര ഭക്തി

May 5, 2012 സനാതനം

പി.കെ.ദാമോദരന്‍, കല്ലൂപ്പാറ
ഹിന്ദുക്കളുടെ മതഗ്രന്ഥങ്ങളില്‍ മുഖ്യമാണ് ഭഗവത്ഗീത. ഗീതയില്‍ 700 ശ്ലോകമേയുള്ളൂ. അവയില്‍ മിക്കതും ചെറിയ ശ്ലോകങ്ങളാണ്. ദിവസം രണ്ടു ശ്ലോകം വീതം പഠിച്ചാല്‍ ഒരു വര്‍ഷം കൊണ്ട് ഗീത മുഴുവന്‍ ഹൃദിസ്ഥിതമാക്കാം. ഗീതാ പഠനം കൊണ്ടുള്ള ഫളം അനന്തമാണ്. ഈശ്വരന്റെ പൂര്‍ണ്ണാവതാരമായ ശ്രീകൃഷ്ണന്‍, അര്‍ജ്ജുനന് ഇയുദ്ധക്കളത്തില്‍ വച്ച് ചെയ്തുകൊടുത്ത ഉപദേശത്തിന്റെ ഏതെങ്കിലും ഒരംശം പഠിച്ച് അനുഷ്ഠിച്ചാല്‍ അതു നമ്മെ പല വലിയ കഷ്ടതകളില്‍നിന്നും രക്ഷിക്കും.

‘സ്വല്പമല്പസ്യ ധര്‍മ്മസ്യ
ത്രായതേ മഹതോ ഭയാല്‍’

എന്ന് ഗീതയില്‍തന്നെ പറഞ്ഞിട്ടുണ്ട്. ഇതിലെ സ്വല്പമനുഷ്ഠിച്ചാല്‍ അതു മഹാഭയത്തില്‍നിന്നും നമ്മെ രക്ഷിക്കുമെന്നാണല്ലോ അര്‍ത്ഥം.
ഗീതയില്‍ ഒരു ശ്ലോകമുണ്ട്.

‘അനന്യാശ്ചിന്തയന്തോമാം
യേ ജനാ പര്യുപാസതേ
തേഷാം നിത്യാഭിയുക്താനാം
യോഗക്ഷേമം വഹാമ്യഹം.’

അനന്യന്മാരായിട്ട് എന്നെ വിചാരിച്ച് ശരിയായി ഉപാസിക്കുന്നയാവ ചില ജനങ്ങളുണ്ടോ എന്നും എന്നോട് ചേര്‍ന്നിരിക്കുന്ന അവര്‍ക്ക് ഇല്ലാത്തതു ഞാന്‍ ഉണ്ടാക്കിക്കൊടുക്കുകയും ഉള്ളതു ഞാന്‍ രക്ഷിച്ചുകൊടുക്കുകയും ചെയ്യും. ഭഗവാന്‍ നല്‍കുന്ന ഈ അഭയവാണി എത്ര ആശ്വാസകരം! ഭഗവാന്‍ മാത്രമാണ് നമുക്ക് ശരണം പ്രാപിക്കാന്‍ അര്‍ഹന്‍.

പ്രാര്‍ത്ഥനയുടെ ലക്ഷ്യം
‘ത്വ മേവ മാതാച പിതാത്വമേവ
തേ മേവ ബന്ധുശ്ച സഖാത്വമേവ
ത്വ മേവ വിദ്യാദ്രവിണം ത്വമേവ
ത്വ മേവ സര്‍വം മമ ദേവദേവ’

ഈ ലക്ഷ്യമായിരിക്കണം നമുക്ക് ഉണ്ടായിരിക്കേണ്ടത്. നമ്മുടെ വാസ്തവത്തിലുള്ള അമ്മയും അച്ഛനും ബന്ധുവും ഇഷ്ടനും ജ്ഞാനവും സ്വത്തും എല്ലാം ഭഗവാന്‍ തന്നെയാണ്. ഭഗവാന്‍ നമ്മുടെ അമ്മയുടെ അമ്മയുടെ, അങ്ങനെ പോകുമ്പോള്‍ ആദ്യത്തെ അമ്മയാണ്. അതുപോലെ തന്നെ നമ്മുടെ അച്ഛന്റെ അച്ഛന്റെ അങ്ങനെ പോകുമ്പോഴുള്ള ആദ്യത്തെ പിതാവുമാണ്. ഈശ്വരന്‍ ആദിമാതാവും ആദ്യപിതാവുമാണ്. അദ്ദേഹം സ്ത്രീയും പുരുഷനും ആണ്.

‘ത്വം സ്ത്രീത്വം പുമാനസി
ത്വം കുമാര ഉരുവാ കുമാരി’ എന്ന് വേദം പറയുന്നു. അദ്ദേഹം ശിവനും ശക്തിയുമാണ്. ശിവന്‍ അര്‍ദ്ധനാരീശ്വരനാണ്.

‘ദിധ്വാ കൃത്വാത്മനോ ദേഹ-
മര്‍ദ്ധേന പുരുഷോ ഭവേല്‍
അര്‍ദ്ധേന നാരീ തസ്യാംസ
വിരാജ മസൃജല്‍ പ്രഭൂ’ എന്നാണ് മനു പറഞ്ഞിട്ടുള്ളത്. മഹാകവി കാളിദാസന്‍ കുമാരസംഭവം മഹാകാവ്യത്തില്‍ ഇപ്രകാരം പറയുന്നു.

സ്ത്രീ പുംസാവാത്മഭാഗൗതേ
ഭിന്നമൂര്‍ത്തേ: സിസൃക്ഷയാ
പ്രസൂതിഭാജം സര്‍ഗ്ഗസ്യ
താവേവ പിതരൗ സ്മൃതൗ’

ശിവനും ശക്തിയും ഒന്നുതന്നെ. ഈ യുഗത്തിലെ അവതാരപുരുഷനായ ശ്രീരാമകൃഷ്ണന്‍ പറയുന്നു ശിവനും ശക്തിയും തമ്മിലുള്ള ബന്ധം പാലും അതിന്റെ വെളുപ്പും പോലെയും അഗ്നിയും അതിന്റെ ചൂടും പോലെയാണെന്ന്.

ശിവ: ശകത്യായുക്തോയദി ഭവതി ശക്ത: പ്രഭവിതും ന ചേദേവ: പ്രഭവതിപരിസ്പന്ദിതു മപി: എന്ന് ശ്രീശങ്കരാചാര്യന്‍ പറയുന്നു. അങ്ങനെ ഈശ്വരന്‍ നമ്മുടെ ആദിപിതാവും ആദിമാതാവുമാകുന്നു. സാധാരണയായി പിതാവിനേക്കാള്‍ അധികമായി കുട്ടികളെ സ്‌നേഹിക്കുന്നത് മാതാവാണ്. എന്നാല്‍ ഈശ്വരനില്‍ മാതാവിന്റെയും പിതാവിന്റെയും സ്‌നേഹം ഒന്നിച്ചുചേര്‍ന്നിരിക്കുന്നു. അതുകൊണ്ടാണ് ഈശ്വരനെ അനിര്‍വചനീയ പ്രേമസ്വരൂപന്‍ – വാക്കുകൊണ്ട് വിശദീകരിക്കാന്‍ കഴിയാത്ത പ്രേമമൂര്‍ത്തി-എന്ന് മഹര്‍ഷിമാര്‍ കീര്‍ത്തിച്ചിട്ടുള്ളത്. അതുമാത്രമല്ല നേദാന്തപക്ഷത്തില്‍ യുക്തിപൂര്‍വം നോക്കുമ്പോള്‍ നാം ദേഹമല്ല ജീവനാണ്. ജീവന്റെ മൂലസ്ഥാനം ഈശ്വരനാണ്. ഈശ്വരനില്‍ നിന്നാണ് ജീവനും ജഗത്തും ഉണ്ടായത്. കാരണമില്ലാതെ കാര്യമുണ്ടാവുകയില്ലല്ലോ. അതിന് ഉപദാനകാരണവും നിമിത്തകാരണവും വേണം. ഈശ്വരന്‍ തന്നെയാണ് ജഗത്തിന്റെ ഉപദാനകാരണവും നിമിത്തകാരണവും. അതുകൊണ്ട് ഈശ്വരന്‍ തന്നെയാണ് മാതാവും പിതാവും.

നമ്മുടെ ബന്ധുവും ഈശ്വരന്‍ തന്നെ നമുക്കുണ്ടാകുന്ന ആധിവ്യാധികളില്‍ നിന്നും നമുക്ക് മോചനം തരുവാനുതകുന്നവനാണ് യഥാര്‍ത്ഥ ബന്ധുവും സഖിയും. മഹാരോഗമോ മരണഭയമോ ഉണ്ടാകുമ്പോള്‍ മറ്റു ബന്ധുക്കള്‍ ചികിത്സിക്കാനോ ശുശ്രൂഷിക്കാനോ ശ്രമിച്ചെന്നുവരാം. ആ ശുശ്രൂഷ തുടരേണ്ടിവരുമ്പോള്‍ നിരാശയും അസംതൃപ്തിയും ഉണ്ടാവുക സാധാരണമാണ്. അപ്പോള്‍ സമാധാനം തരുവാന്‍, നമ്മെ വിട്ടുപിരിയാതെ ഉതകുന്ന ബന്ധു ഈശ്വരന്‍ മാത്രമാണ്. അതിനാല്‍ നമ്മുടെ യഥാര്‍ത്ഥബന്ധു ആര് എന്നുള്ള ചോദ്യത്തിനുള്ള ഉത്തരം ഈശ്വരന്‍.

വിദ്യ അഥവാ ജ്ഞാനവും ഈശ്വരന്‍ തന്നെ. ജ്ഞാനമെന്നാലെന്താണ്. അറിയേണ്ടതിനെപ്പറ്റിയുള്ള അറിവാണ് ജ്ഞാനം. അറിയേണ്ടതോ നിത്യാനന്ദമാര്‍ഗ്ഗം. ഭക്ഷിക്കാനും മറ്റുമുള്ള ഭൗതികസുഖങ്ങള്‍ ആസ്വദിക്കാനുള്ള അറിവാണോ യഥാര്‍ത്ഥ അറിവ്, അങ്ങിനെയാണെങ്കില്‍ അതിനേപ്പറ്റിയുള്ള അറിവ് പശുപക്ഷിമൃഗാദികള്‍ക്കുമുണ്ട്. ഒരുപക്ഷേ അവയ്ക്കു നമ്മേക്കാള്‍ കുറഞ്ഞ ബുദ്ധികൊണ്ട് കൂടുതല്‍ അളവില്‍ ഈ സുഖങ്ങള്‍ അനുഭവിക്കാന്‍ കഴിയുന്നു. ആ സുഖങ്ങള്‍ അനുഭവിക്കാനുള്ള അറിവാണ് യഥാര്‍ത്ഥമായ ജ്ഞാനമെങ്കില്‍ മനുഷ്യരും പക്ഷിമൃഗാദികളും തമ്മില്‍ എന്താണ് വ്യത്യാസം?
പരമജ്ഞാനത്തിന്റെ ലക്ഷണം ഈശാവാസ്യമിദം സര്‍വം യല്‍ കിം ച ജഗത്യാ ജഗത്-ജഗത്ത് നിറഞ്ഞും അതിനപ്പുറത്തും എന്തെല്ലാമുണ്ടോ അതെല്ലാം ഈശ്വരമയമാണ് എന്നുള്ള ബോധമാണ്.

‘ഏകോ ദേവസര്‍വഭൂതേഷുഗുഢ’ എന്നിങ്ങനെ ഉപനിഷത്തുകളില്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ചു പറഞ്ഞിട്ടുള്ള പരമതത്വമാണ് അത്. ഈ ബോധമാണ് നിത്യാനന്ദത്തിലേക്കുള്ള മാര്‍ഗ്ഗം. അതിനാല്‍ ജ്ഞാനസ്വരൂപനായ ഈശ്വരന്‍ തന്നെയാണ് വിദ്യയും വിദ്യയുടെ ഫലവും.

പ്രാര്‍ത്ഥന എങ്ങിനെ? എന്തിന്?
ഭഗവാനോടുള്ള പ്രാര്‍ത്ഥന ഭൗതികസുഖങ്ങള്‍ക്കുവേണ്ടി മാത്രമായിരിക്കരുതേ. കേസ് ജയിക്കുന്നതിനോ ധനസമ്പാദനത്തിനോ, ഉദ്യോഗക്കയറ്റത്തിനോ വേണ്ടി പ്രാര്‍ത്ഥിക്കുന്നവരുണ്ട്. ആ പ്രാര്‍ത്ഥന യഥാര്‍ത്ഥഭക്തിയില്‍ നിന്നും ജനിക്കുന്ന ആത്മനിവേദനമല്ല. യഥാര്‍ത്ഥപ്രാര്‍ത്ഥ ഭഗവത്ഭക്തിക്കുവേണ്ടിയായിരിക്കണം. അപ്പോള്‍ മാത്രമേ ആദ്യം സൂചിപ്പിച്ച ‘അനന്യശ്ചിന്തയന്തോമാം….. എന്ന നിലവരികയുള്ളൂ. ഉത്തമഭക്തന്മാര്‍ പ്രാര്‍ത്ഥിച്ചു കാണിച്ചു തന്നിട്ടുള്ളതും അങ്ങനെയാണ്.

‘നാന്യസ്പൃഹാ രഘുപതേ ഹൃദയേ സ്മദീയേ
സത്യം വദാമി ച ഭവാനഖിലാന്തരാത്മാ
ഭക്തിം പ്രയഛ രഘുപുംഗവ നിര്‍ഭരാംമേ
കാമാദി ദോഷരഹിതം കരുമാനസം ച’

ഭഗവാനേ! എനിക്കു മറ്റൊരാഗ്രഹവുമില്ല. ഞാന്‍ പറയുന്നത് സത്യമാണ്. അവിടുന്ന് എല്ലാവരുടെയും ഉളളില്‍ കുടികൊളളുന്ന അന്തരാത്മാവാണല്ലോ. എനിക്ക് നിരന്തരമായ ഭക്തിമാത്രം തരേണമെ. എന്റെ ഹൃദയം കാമാദിദോഷങ്ങളൊഴിഞ്ഞതുമാക്കേണമേ. ഇതായിരിക്കണം പ്രാര്‍ത്ഥനയുടെ ലക്ഷ്യം.
ശ്രീകൃഷ്ണ പ്രേമമൂര്‍ത്തിയെ ശ്രീചൈതന്യദേവന്‍ പ്രാര്‍ത്ഥിക്കുന്നു.

‘നധനം നജനം നസുന്ദരീം
കവിതാം വാ ജഗദീശ കാമയേ
മമ ജന്മനീ ജന്മനീശമേ
ഭവ തത് ഭക്തിരഹേതു കിത്വയി’

ഭഗവാനേ! എനിക്കു ധനം വേണ്ട. സുന്ദരിയോ കവിതയോ വേണ്ട. ഇതൊന്നും ഞാന്‍ ആഗ്രഹിക്കുന്നില്ല. എത്ര ജന്മം ഞാന്‍ ജനിക്കാനിടവരുന്നുവോ ആ ഓരോ ജന്മത്തിലും എനിക്കു ഫലേഛ ഇല്ലാത്ത ഭക്തിയുണ്ടാകാനിടവരേണമേ. ഇതായിരിക്കണം യഥാര്‍ത്ഥമായ ഭക്തിയും പ്രാര്‍ത്ഥനയും.

കൂടുതല്‍ വാര്‍ത്തകള്‍ - സനാതനം