ടി.പി ചന്ദ്രശേഖരന്‍ വധം: അന്വേഷണ സംഘം വിപുലീകരിച്ചു

May 6, 2012 കേരളം

കണ്ണൂര്‍: റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവ് ടി.പി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസ് അന്വേഷിക്കുന്ന പ്രത്യേക പോലീസ് സംഘം വിപുലീകരിച്ചുകൊണ്ട്  ഡി.ജി.പി ജേക്കബ് പുന്നൂസ് ഉത്തരവ് പുറത്തിറക്കി . പോലീസ് ആസ്ഥാനത്തെ എ.ഐ.ജി അനൂപ് കുരുവിള ജോണിനെയും മൂന്ന് ഡി.വൈ.എസ്.പിമാരെയും സംഘത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി വിന്‍സെന്‍ എം പോളാണ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്നത്. ഷൗക്കത്തലി, കെ.വി സന്തോഷ്, ജോസി ചെറിയാന്‍ എന്നിവരാണ് സംഘത്തില്‍ പുതുതായി ഉള്‍പ്പെടുത്തിയ ഡി.വൈ.എസ്.പിമാര്‍. കുറ്റിയാടി സി.ഐ ബെന്നിയെയും അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിലവില്‍ അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥര്‍ സംഘത്തില്‍ തുടരും.
അതിനിടെ കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച പ്രതികളെക്കുറിച്ച് പോലീസിന് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. മാഹി ഇരട്ടക്കൊലപാതക ക്കേസില്‍ പ്രതിയായ കണ്ണൂര്‍,പള്ളൂര്‍,പായപ്പടി റഫീഖിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കൊല നടത്തിയതെന്നാണ് അന്വേഷണോദ്യോഗസ്ഥര്‍ക്ക് ലഭിച്ച വിവരം. കണ്ണൂര്‍ ജില്ലയിലെ ചൊക്ലി, ടെമ്പിള്‍ ഗേറ്റ്, പള്ളൂര്‍ മേഖലകളിലുള്ളവരാണ് പ്രതികളെന്നാണ് പോലീസ് കണ്ടെത്തിയിട്ടുള്ളത്. ചന്ദ്രശേഖന്റെ ദേഹത്തുള്ള മുറിവിന്റെ സ്വഭാവം മനസ്സിലാക്കിയാണ് ഈ മേഖലയിലുള്ളവരാണ് പ്രതികളെന്ന നിഗമനത്തില്‍ പോലീസ് എത്തിയത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം