തിരുവിതാംകൂര്‍ ദേവസ്വം ക്ഷേത്രങ്ങളില്‍ കാണിക്കയെണ്ണാന്‍ പുതിയ സംവിധാനം

May 7, 2012 കേരളം

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലെ ക്ഷേത്രങ്ങളില്‍ കാണിക്കപ്പണം എണ്ണുന്നതിനു പുതിയ കേന്ദ്രീകൃത സംവിധാനം. ക്ഷേത്രങ്ങളിലെ കാണിക്ക ഒരു പ്രത്യേക സ്ഥലത്ത് എത്തിച്ച് എണ്ണിത്തിട്ടപ്പെടുത്തുന്ന സംവിധാനമാണിത്.  കാണിക്കത്തുക എണ്ണിത്തിട്ടപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടു കാലങ്ങളായി ഉയരുന്ന ആരോപണങ്ങള്‍ക്കു പരിഹാരമെന്ന നിലയിലാണു പുതിയ സംവിധാനം കൊണ്ടുവരുന്നത്. ആദ്യഘട്ടമെന്ന നിലയില്‍ തിരുവനന്തപുരം ജില്ലയിലെ ക്ഷേത്രങ്ങളിലാണ് നടപ്പാക്കുന്നത്. പുതിയ സംവിധാനം അനുസരിച്ചു ക്ഷേത്രങ്ങളിലെ കാണിക്കവഞ്ചി പൊട്ടിച്ചു ചാക്കില്‍കെട്ടി, വാഹനങ്ങളില്‍ കയറ്റി കേന്ദ്രീകൃത എണ്ണല്‍ കേന്ദ്രത്തില്‍ കൊണ്ടുവന്ന് എണ്ണിത്തിട്ടപ്പെടുത്തും.

ഭക്തര്‍ കാണിക്കയിടുന്ന തുക അതതു ക്ഷേത്രങ്ങളില്‍ തന്നെ എണ്ണിത്തിട്ടപ്പെടുത്തുന്ന രീതിയായിരുന്നു ഇതുവരെ. കാണിക്കയെണ്ണല്‍ കൂടുതല്‍ സുതാര്യമാക്കുന്നതിന്റെ ഭാഗമായിട്ടാണു പുതിയ സംവിധാനമെന്നു ബോര്‍ഡ് അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ മാര്‍ച്ചില്‍ ചേര്‍ന്ന ബോര്‍ഡ് യോഗമാണു കേന്ദ്രീകൃത കാണിക്കയെണ്ണല്‍ സംവിധാനം കൊണ്ടുവരാന്‍ തീരുമാനിച്ചത്. 2009ല്‍ ദേവസ്വം കമ്മീഷണറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഇതുസംബന്ധിച്ച് തീരുമാനമെടുത്തിരുന്നു. എന്നാല്‍ ഈ തീരുമാനത്തിനു ബോര്‍ഡിന്റെ അനുമതി ലഭ്യമാകാന്‍ പിന്നെയും രണ്ടുവര്‍ഷം കാത്തിരിക്കേണ്ടിവന്നു.

പുതിയ സംവിധാനത്തിനെതിരേ വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്. ഓരോ ക്ഷേത്രത്തിലെയും നടവരുമാനം എത്രയെന്ന് അറിയാനുള്ള ഭക്തജനങ്ങളുടെ അവകാശം പുതിയ സംവിധാനം വരുന്നതോടെ നഷ്ടമാകുമെന്ന ആശങ്കയാണ് ചില ഉപദേശക സമിതികള്‍ക്കുള്ളത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം