ടി.പി. ചന്ദ്രശേഖരന്റെ വധം: അന്വേഷണം ഊര്‍ജ്ജിതമാക്കി

May 10, 2012 കേരളം

കണ്ണൂര്‍: ടി.പി. ചന്ദ്രശേഖരനെ കൊന്ന ക്വട്ടേഷന്‍ സംഘത്തിന്റെ ഭാഗമെന്നു കരുതുന്ന മൂന്നുപേര്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയില്‍. മുഖ്യപ്രതികളെന്നു പൊലീസ് സ്ഥിരീകരിച്ച കൊടി സുനിക്കും റഫീഖിനും വേണ്ടി തിരച്ചില്‍ തുടരുന്നതിനിടയിലാണ് കൊല നടന്ന സ്ഥലത്തിന് 20 കിലോമീറ്റര്‍ അകലെ നിന്ന് ഇവരെ പിടികൂടിയത്. വളയം വടക്കേ പറമ്പത്ത് സൊല്ല അശോകന്‍ എന്ന അശോകന്‍(40), വളയം മുതുകുറ്റി പുഴക്കല്‍ സുമോഹന്‍(38), വളയം കാലിക്കുളമ്പ് ഒ.കെ. മനോജന്‍ എന്നിവരാണ് കസ്റ്റഡിയിലുള്ളത്.

എന്നാല്‍ കൊലയ്ക്കു പിന്നില്‍ മാസങ്ങള്‍ നീണ്ട ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ഡിജിപി ജേക്കബ് പുന്നൂസ് പറഞ്ഞു. ഗൂഢാലോചന നടന്നതായി പറയുന്ന വളയത്തെ വിവാഹവീട്ടിലെ ഗൃഹനാഥന്‍ അന്ത്യേരി സുരയുമായി ബന്ധമുള്ളവരാണ് പിടിയിലായ മൂവരുമെന്ന് അന്വേഷണസംഘം വ്യക്തമാക്കി. കൊലയ്ക്കു പിന്നാലെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിനു സമീപത്തെ ടവറിലേക്കു പോയ ഫോണ്‍ വിളി ഇവരുടേതാണെന്നും സംശയിക്കുന്നു. മൂവരുടെയും മൊബൈല്‍ ഫോണുകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

പിടിയിലായവരില്‍ അശോകനും സുമോഹനുമാണ് വ്യക്തമായ ക്രിമിനല്‍ ബന്ധമുള്ളത്. കണ്ണൂര്‍ തൂവക്കുന്നില്‍ നിസാറിനെ ബസില്‍ കയറി വെട്ടിക്കൊന്ന കേസില്‍ പ്രതിയായ അശോകനെ പിന്നീട് കോടതി വിട്ടയച്ചിരുന്നു. കൊലപാതകം അടക്കമുള്ള കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള സുമോഹനും നിസാര്‍ വധക്കേസിലെ പ്രതിയാണ്. ഇയാള്‍ 10 ദിവസം മുന്‍പാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നു പുറത്തിറങ്ങിയത്. വടകര ഡിവൈഎസ്പി ഓഫിസില്‍ കൊണ്ടുവന്ന മൂവരും ചോദ്യം ചെയ്യലിനോടു തീരെ സഹകരിക്കുന്നില്ലെന്നും പൊലീസ് വ്യക്തമാക്കി.
സുമോഹന്‍ കൊടി സുനിക്കൊപ്പം ജയിലില്‍ കഴിഞ്ഞിട്ടുണ്ട്.

കൃത്യത്തിനു മുന്‍പ് വളയത്തെ ഒരു വീട്ടില്‍ ക്വട്ടേഷന്‍ സംഘം ഭക്ഷണം കഴിച്ചിരുന്നെന്നും വിവരമുണ്ട്. സൂചനകള്‍ അനുസരിച്ച് വളയം, വാണിമേല്‍ പ്രദേശങ്ങളിലെ ചില വീടുകളില്‍ പൊലീസ് പരിശോധന നടത്തി. വളയത്തെ വിവാഹവീട്ടില്‍നിന്ന് കഴിഞ്ഞ ദിവസം പിടിച്ചെടുത്ത വിവാഹസിഡിയും സ്റ്റുഡിയോയില്‍നിന്ന് വാങ്ങിയ കംപ്യൂട്ടറും പരിശോധനയ്ക്കായി സൈബര്‍ സെല്ലിനു കൈമാറിയിട്ടുണ്ട്. വിവാഹസല്‍ക്കാരത്തിന്റെ മായ്ച്ചുകളഞ്ഞ ഫോട്ടോകള്‍ വീണ്ടെടുക്കുകയാണ് ലക്ഷ്യം. സുമോഹനും അശോകനും മുന്‍പ് എല്‍ടിടിഇ എന്ന പേരില്‍ ക്വട്ടേഷന്‍ സംഘം രൂപീകരിച്ചും അക്രമങ്ങള്‍ നടത്തിയിരുന്നു.

ക്വട്ടേഷന്‍ സംഘം സഞ്ചരിച്ച ഇന്നോവ കാറിന്റെ മുന്നിലും പിന്നിലും പതിച്ചിരുന്ന  അറബിക് വചനത്തിന്റെ വെള്ള സ്റ്റിക്കര്‍ നേരത്തെ തന്നെ ഉണ്ടായിരുന്നതാണെന്നാണ് ഉടമകള്‍ പൊലീസിനോടു പറഞ്ഞത്. കൂടുതല്‍ അന്വേഷണത്തിലൂടെയേ ഇക്കാര്യം സ്ഥിരീകരിക്കാനാവൂ എന്ന നിലപാടിലാണു പൊലീസ്. ഇതിനിടെ, കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ സിപിഎം തടവുകാര്‍ കയ്യടക്കിവച്ചിരിക്കുന്ന എട്ടാം ബ്ലോക്കിലെ സമാന്തര അടുക്കളയും അനധികൃത ജിംനേഷ്യവും അടച്ചുപൂട്ടാന്‍ ജയില്‍ എഡിജിപി അലക്‌സാണ്ടര്‍ ജേക്കബ് ഉത്തരവിട്ടു. എട്ടാം ബ്ലോക്കിലെ പഴയ സ്‌റ്റോര്‍ മുറികള്‍ സിപിഎം തടവുകാര്‍ കയ്യടക്കി പാചകവും കായിക പരിശീലനവും നടത്തിവരികയായിരുന്നു. ടി.പി. ചന്ദ്രശേഖരന്‍ വധത്തെ തുടര്‍ന്നു സെന്‍ട്രല്‍ ജയില്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഇവ കണ്ടെത്തിയത്. ജയില്‍ ജീവനക്കാരെ ഈ ഭാഗത്തു പരിശോധന നടത്താന്‍ പോലും സിപിഎം തടവുകാര്‍ മുന്‍പ് അനുവദിച്ചിരുന്നില്ല.

ചന്ദ്രശേഖരന്‍ വെട്ടേറ്റു മരിച്ച വള്ളിക്കാടും ഒഞ്ചിയത്തെ ചന്ദ്രശേഖരന്റെ വീടും സന്ദര്‍ശിച്ച ഡിജിപി ഇന്നലെ വടകര റൂറല്‍ എസ്പി ഓഫിസില്‍ അന്വേഷണ സംഘാംഗങ്ങളുമായി മൂന്നു മണിക്കൂര്‍ ചര്‍ച്ച നടത്തി. ഒഞ്ചിയത്തെ വീട്ടില്‍ ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ. രമ, മകന്‍ അഭിനന്ദ് എന്നിവരുമായി ഇരുപതു മിനിറ്റോളമാണു ജേക്കബ് പുന്നൂസ് മുറി അടച്ചിട്ടു സംസാരിച്ചത്. ആസൂത്രിതമായി നടത്തിയ കൊല വ്യക്തിവിരോധം തീര്‍ക്കാനായിരുന്നില്ലെന്നും ഗൂഢാലോചനയില്‍ പങ്കാളികളായവരെയെല്ലാം നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്നും ഡിജിപി പറഞ്ഞു.

അതേസമയം, കേസിന്റെ പ്രഥമ വിവര റിപ്പോര്‍ട്ട് ജുഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ വടകര പൊലീസ് സമര്‍പ്പിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം