സുഖോയ് ജെറ്റ് വിമാനത്തിന്റെ അവശിഷ്ടം കണ്ടെത്തി

May 10, 2012 രാഷ്ട്രാന്തരീയം

ജക്കാര്‍ത്ത (ഇന്തൊനീഷ്യ): 50 പേരുമായി കാണാതായ, റഷ്യയുടെ ‘സുഖോയ് സൂപ്പര്‍ ജെറ്റ് 100′ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ ഇന്തൊനീഷ്യയിലെ ജാവ ദ്വീപിനു സമീപം കണ്ടെത്തി. ഹെലികോപ്ടര്‍ ഉപയോഗിച്ചു നടത്തിയ തിരച്ചിലില്‍ സലാക് അഗ്നിപര്‍വതത്തിനോടു ചേര്‍ന്നു മലഞ്ചെരുവിലാണ് അവശിഷ്ടം കണ്ടെത്തിയത്.   അതേസമയം വിമാനത്തിലുണ്ടായിരുന്നവരെ കുറിച്ച് ഇതേവരെ ഒരു വിവരവും ലഭിച്ചിട്ടില്ല. തിരച്ചില്‍ തുടരുന്നു. പൈലറ്റും കോ-പൈലറ്റും ഉള്‍പ്പെടെ എട്ടു വിമാനജീവനക്കാരും 42 അതിഥികളുമാണ് വിമാനത്തിലുണ്ടായിരുന്നതെന്നാണ് റിപ്പോര്‍ട്ട്.

സോവിയറ്റ് യൂണിയന്റെ പതനശേഷം റഷ്യ ആദ്യമായി നിര്‍മിച്ച സമ്പൂര്‍ണ നൂതന യാത്രാവിമാനമാണു ‘സൂപ്പര്‍ ജെറ്റ് 100′. ഇന്നലെ വൈകിട്ടോടെയാണ് ഇന്തോനേഷ്യന്‍ തലസ്ഥാനമായ ജക്കാര്‍ത്തയ്ക്ക് സമീപമുള്ള സലാക് പര്‍വതനിരകളില്‍ വിമാനം കാണാതായത്. ആദ്യവട്ട പറക്കലുകളിലൊന്നിലാണു വിമാനം അപ്രത്യക്ഷമായത്. വിമാനം വാങ്ങാന്‍ കഴിവുള്ള വ്യവസായികള്‍, ആദ്യപറക്കല്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള പത്രപ്രവര്‍ത്തകര്‍, റഷ്യന്‍ എംബസിയിലെ ഉന്നതര്‍ തുടങ്ങിയവരായിരുന്നു യാത്രക്കാര്‍. സുഖോയ് സൂപ്പര്‍ ജെറ്റുകള്‍ വാങ്ങാന്‍ ഇന്തൊനീഷ്യന്‍ വിമാനക്കമ്പനികള്‍ ഓര്‍ഡര്‍ നല്‍കിയിരുന്നു.

ജക്കാര്‍ത്ത വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന് സമുദ്രനിരപ്പില്‍ നിന്ന് പതിനായിരം അടിയോളം ഉയരത്തിലെത്തിയതോടെ വിമാനവുമായുള്ള റഡാര്‍ ബന്ധം നഷ്ടപ്പെടുകയായിരുന്നു. റഡാര്‍ ബന്ധം നഷ്ടമായ സ്ഥലത്തു നിന്ന് ഒന്നരകിലോമീറ്റര്‍ അകലെയാണ് ഇപ്പോള്‍ വിമാനത്തിന്റെ അവശിഷ്ടം കണ്ടെത്തിയിരിക്കുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം