ഒഞ്ചിയത്ത് പ്രവര്‍ത്തകര്‍ വിട്ടുപോയത് 1964ലെ പിളര്‍പ്പിനു സമാനം: വി.എസ്

May 12, 2012 കേരളം

തിരുവനന്തപുരം: ഒഞ്ചിയത്ത് പ്രവര്‍ത്തകര്‍ സിപിഎമ്മില്‍ നിന്നു വിട്ടുപോയത് 1964 ലെ പിളര്‍പ്പിനു സമാനമാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍. വിമത സിപിഎം പ്രവര്‍ത്തകര്‍ കുലംകുത്തികളാണെന്ന പിണറായി വിജയന്റെ അഭിപ്രായം തള്ളിപ്പറഞ്ഞ വി.എസ്., ഒപ്പം പാര്‍ട്ടി സെക്രട്ടറി പറയുന്നത് മുഴുവന്‍ പാര്‍ട്ടിയുടെ അഭിപ്രായമാണെന്ന് കരുതേണ്ടെന്നും തുറന്നടിച്ചു.
സിപിഐ യുടെ നാഷനല്‍ കൗണ്‍സിലില്‍ നിന്ന് താനുള്‍പ്പെടെയുള്ള 32 സഖാക്കള്‍ പുറത്തുപോയി സിപിഎം രൂപീകരിച്ചതിനു സമാനമാണ് ഒഞ്ചിയത്ത് പ്രവര്‍ത്തകര്‍ റവലൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി രൂപീകരിച്ചതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ‘ഒഞ്ചിയം സഖാക്കള്‍ പുറത്തുപോയത് ആശയഭിന്നത മൂലമാണ്. വിയോജിച്ചവരെ പുറത്താക്കുന്നതല്ല ശരി. തെറ്റു ചൂണ്ടിക്കാട്ടുന്നവരെ വര്‍ഗവഞ്ചകരെന്ന് വിളിച്ചു പുറത്താക്കുകയല്ല വേണ്ടത്. ആശയപരമായ കാര്യങ്ങളെക്കുറിച്ച് പ്രവര്‍ത്തകരുമായി സംസാരിച്ച് ഏകീകൃത നയം സ്വീകരിക്കുകയാണ് വേണ്ടത്. പാര്‍ട്ടിയിലുള്ളവരെ ഒരുമിപ്പിക്കാന്‍ പാര്‍ട്ടി നേതൃത്വത്തിന് കഴിഞ്ഞില്ല. തനിക്കെതിരെ അച്ചടക്കലംഘനം വരുമ്പോള്‍ നോക്കാം. ആരാണ് അച്ചടക്കലംഘനം നടത്തിയതെന്നും നോക്കാം’ – വി.എസ്. പറഞ്ഞു.
എസ്.എ.ഡാങ്കെയുടെ സ്വേച്ഛാധിപത്യ നിലപാടില്‍ പ്രതിഷേധിച്ചായിരുന്നു 64 ലെ പിളര്‍പ്പ്. സമാനമായ പ്രതിസന്ധിയാണ് സിപിഎമ്മില്‍ ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്നും വിഎസ് പറഞ്ഞു. പിണറായി വിജയന് എസ്.എ.ഡാങ്കെയുടെ അനുഭവമാണോ ഉണ്ടാകുകയെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ അത് കാത്തിരുന്നു കാണാമെന്നായിരുന്നു മറുപടി.
സിപിഎമ്മിന് അതിന്റേതായ വ്യവസ്ഥാപിത മാര്‍ഗങ്ങളുണ്ട്. കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അഭിപ്രായം രൂപീകരിക്കാന്‍ സംവിധാനമുണ്ട്. ടി.പി.ചന്ദ്രശേഖരന്‍ വധത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ പുറത്തുകൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം