പൈലറ്റുമാരുടെ സമരം: 20 വിമാനങ്ങള്‍ റദ്ദാക്കി

May 13, 2012 ദേശീയം

ന്യൂഡല്‍ഹി: എയര്‍ഇന്ത്യയിലെ ഒരുവിഭാഗം പൈലറ്റുമാര്‍ നടത്തുന്ന സമരത്തെത്തുടര്‍ന്ന് 20 അന്താരാഷ്ട്ര സര്‍വീസുകള്‍ ഞായറാഴ്ച റദ്ദാക്കി. സമരം ആറാം ദിവസത്തിലേക്ക് കടന്നു.  ഇതേത്തുടര്‍ന്ന് വിവിധ വിമാനത്താവളങ്ങളില്‍ എത്തിയ നൂറുകണക്കിന് യാത്രക്കാര്‍ വലഞ്ഞു. വിമാനങ്ങള്‍ റദ്ദാക്കിയ ശേഷവും ബുക്കുചെയ്ത ടിക്കറ്റിന്റെ പണം മടക്കിനല്‍കാന്‍ അധികൃതര്‍ തയ്യാറാവുന്നില്ലെന്ന് യാത്രക്കാര്‍ പരാതിപ്പെട്ടു. ഇന്ത്യന്‍ പൈലറ്റ്‌സ് ഗില്‍ഡില്‍പ്പെട്ട 200 ഓളം പൈലറ്റുമാരാണ് ചൊവ്വാഴ്ച മുതല്‍ സമരം ചെയ്യുന്നത്.  അന്താരാഷ്ട്ര വിമാനങ്ങളിലെ മെയ് 15 മുതലുള്ള ടിക്കറ്റ് ബുക്കിങ് അധികൃതര്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. സമരത്തെ തുടര്‍ന്ന് 71 പൈലറ്റുമാരെ എയര്‍ഇന്ത്യ പുറത്താക്കി. 11 പേരുടെ ലൈസന്‍സ് റദ്ദാക്കാന്‍ വ്യോമയാന ഡയറക്ടര്‍ ജനറലിനോട് മാനേജ്‌മെന്റ് ആവശ്യപ്പെട്ടിട്ടുണ്ട്.

 

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം