കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ആനയിടഞ്ഞു; തിരക്കില്‍പെട്ട് ഒന്നര വയസുള്ള കുട്ടി മരിച്ചു

May 13, 2012 കേരളം

ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ആറാട്ട് എഴുന്നള്ളത്തിനിടെ മൂന്ന് ആനകള്‍ ഇടഞ്ഞു. തിക്കിലും തിരക്കിലുംപെട്ട് ഒന്നര വയസുള്ള കുട്ടി മരിച്ചു. കോമ്പാറ കണ്ണോത്തുവീട്ടില്‍ യദുകൃഷ്ണനാണ് മരിച്ചത്. ഒരു പാപ്പാന്‍ അടക്കം പത്തുപേര്‍ക്ക് പരിക്കേറ്റു. മരിച്ച കുട്ടിയുടെ അമ്മ അടക്കം മൂന്നുപേരെ ഗുരുതരമായ പരിക്കുകളോടെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. പാപ്പാന്മാര്‍ ചേര്‍ന്ന് പിന്നീട് ആനകളെ തളച്ചു.

ഞായറാഴ്ച രാവിലെ 9.30 ന് എഴുന്നള്ളത്ത് ക്ഷേത്രത്തിന് പുറത്തേക്ക് ഇറങ്ങുന്നതിനിടെ കാളമുത്തന്‍ കണ്ണന്‍ എന്ന ആനയാണ് ആദ്യം ഇടഞ്ഞത്. തുടര്‍ന്ന് ചെറുപ്പുളശ്ശേരി പരമേശ്വരന്‍, അയ്യപ്പന്‍ എന്നീ ആനകളും ഇടഞ്ഞു. ഭയന്ന് ഓടുന്നതിനിടെയാണ് മിക്കവര്‍ക്കും പരിക്കേറ്റത്.

നിസാര പരിക്കേറ്റവര്‍ക്ക് ഇരിങ്ങാലക്കുട സഹകരണ ആസ്പത്രിയില്‍ പ്രഥമ ശുശ്രൂഷ നല്‍കി. കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിന് സമാപനം കുറിച്ചുകൊണ്ടുള്ള ആറാട്ടിനിടെയാണ് ആനകള്‍ ഇടഞ്ഞത്. ചാലക്കുടി കൂടപ്പുഴയില്‍ ഉച്ചയ്ക്ക് ഒരുമണിക്കാണ് ആറാട്ട്.

അതേസമയം ആന ഇടഞ്ഞ സംഭവം അന്വേഷിക്കാന്‍ ദേവസ്വംമന്ത്രി ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി. പരുക്കേറ്റവര്‍ക്ക് ചികില്‍സാസഹായം നല്‍കാനും മന്ത്രിഉത്തരവിട്ടു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം