സര്‍വകക്ഷി സംഘം കശ്‌മീരിലെത്തി

September 20, 2010 ദേശീയം,മറ്റുവാര്‍ത്തകള്‍

ന്യൂഡല്‍ഹി: കശ്‌മീരിലെ സ്ഥിതിഗതികള്‍ നേരിട്ടു മനസ്സിലാക്കുന്നതിന്‌ 38 അംഗ സര്‍വകക്ഷി സംഘം കശ്‌മീരിലെത്തി. കേന്ദ്ര ആഭ്യന്തരമന്ത്രി പി. ചിദംബരത്തിന്റെ നേതൃത്വത്തിലാണ്‌ സംഘം രണ്ടുദിവസം താഴ്‌വര സന്ദര്‍ശിക്കുന്നത്‌.
എന്നാല്‍ കൂടിക്കാഴ്‌ചയ്‌ക്ക്‌ തയ്യാറല്ലെന്ന്‌ ഹുറിയത്തിന്റെ ഇരുവിഭാഗവും വ്യക്തമാക്കിയിട്ടുണ്ട്‌. പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ പി. ഡി.പി.യും സര്‍വകക്ഷി സംഘത്തെ കാണില്ലെന്ന്‌ ഭീഷണിപ്പെടുത്തിയിട്ടുണ്ട്‌. വിഘടനവാദികളുമായും സംഘം കൂടിക്കാഴ്‌ച നടത്തും. ഇവര്‍ മടങ്ങിയെത്തിയ ശേഷം മന്ത്രിസഭ യോഗം ചേര്‍ന്ന്‌ കശ്‌മീര്‍ കാര്യത്തില്‍ സ്വീകരിക്കേണ്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. 20 കൊല്ലത്തെ ഇടവേളയ്‌ക്കു ശേഷമാണ്‌ സര്‍വകക്ഷി സംഘം സംസ്ഥാനത്തെത്തുന്നത്‌. 1990ല്‍ ഉപപ്രധാനമന്ത്രി ദേവിലാലിന്റെ നേതൃത്വത്തിലുള്ള സംഘം ക്രമസമാധാനം പരിശോധിക്കുന്നതിന്‌ താഴ്‌വരയിലേക്ക്‌ പോയിരുന്നു.
അതേസമയം, കശ്‌മീരിനു കൂടുതല്‍ സ്വയംഭരണം നല്‍കുന്ന കാര്യം ചര്‍ച്ച ചെയ്യേണ്ടതുണ്ടെന്ന്‌ ആഭ്യന്തര മന്ത്രി പി. ചിദംബരം അഭിപ്രായപ്പെട്ടു. രാഷ്ട്രീയ പാര്‍ട്ടികളും മറ്റു ജനവിഭാഗങ്ങളും സ്വയംഭരണം ആവശ്യപ്പെട്ടിട്ടുണ്ട്‌. മുന്‍കാലങ്ങളില്‍ നല്‍കിയ ഉറപ്പുകളും കരാറുകളുമാണ്‌ അവര്‍ ചൂണ്ടിക്കാട്ടുന്നത്‌. അരനൂറ്റാണ്ടു മുമ്പ്‌ ജമ്മുകശ്‌മീരിന്‌ നല്‍കിയ ഉറപ്പുകളും കണക്കിലെടുക്കേണ്ടതുണ്ട്‌ ചിദംബരം ഒരഭിമുഖത്തില്‍ വ്യക്തമാക്കി.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം