ഗംഗോത്രിയില്‍ മണ്ണിടിച്ചില്‍: മലയാളികളടങ്ങിയ സംഘം കുടുങ്ങി

September 20, 2010 ദേശീയം,മറ്റുവാര്‍ത്തകള്‍

ഡെറാഡൂണ്‍: ഗംഗോത്രിയില്‍ നിന്ന് 45 കിലോമീറ്റര്‍ അകലെ ഡബ്രാനി പാലത്തിനു സമീപം മണ്ണിടിച്ചിലുണ്ടായതിനെ തുടര്‍ന്ന് ഹിമാലയ യാത്രയ്ക്ക് തിരിച്ച സംഘം വഴിയില്‍ കുടുങ്ങി. തീര്‍ത്ഥയാത്രാ സംഘത്തില്‍ ഒന്‍പതു മലയാളികളും ഗുജറാത്തികളും ഉള്‍പ്പെടുന്നു. തൃശൂര്‍ എരയാംകുടി സ്വദേശി ജയശ്രീയും ഭര്‍ത്താവും സുഹൃത്തുക്കളുമാണ് മലയാളികള്‍. കനത്ത മഴയെ തുടര്‍ന്നാണ് മണ്ണിടിച്ചിലുണ്ടായത്.
എന്‍.ടി.പി.സി കോണ്‍ട്രാക്റ്റര്‍മാരായ പട്ടേല്‍ എഞ്ചിനിയറിംഗ് കമ്പനിയുടെ അപകടസ്ഥലത്തുള്ള സൈറ്റിലാണ് ഇവരിപ്പോള്‍ അഭയം പ്രാപിച്ചിരിക്കുന്നത്. ഗോമുഖിലേക്കുള്ള യാത്രാമദ്ധ്യേയാണ് മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഇവരുടെ യാത്ര തടസ്സപ്പെട്ടത്.
സംഭവമറിഞ്ഞ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ നിര്‍ദ്ദേശപ്രകാരം മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് കേന്ദ്ര ആഭ്യന്തരമന്ത്രിയോടും ഛത്തീസ്ഗഢ് മുഖ്യമന്ത്രിയോടും ചീഫ് സെക്രട്ടറിയോടും സഹായം അഭ്യര്‍ത്ഥിച്ചിരിക്കുകയാണ്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം