മുന്‍ ടെലികോം മന്ത്രി എ. രാജയ്ക്ക് കോടതി ജാമ്യം അനുവദിച്ചു

May 15, 2012 ദേശീയം

ന്യൂഡല്‍ഹി: ടു ജി കേസില്‍ 15 മാസമായി ജയിലിലായിരുന്ന മുന്‍ ടെലികോം മന്ത്രി എ. രാജയ്ക്ക് കോടതി ജാമ്യം അനുവദിച്ചു. കോടതിയുടെ അനുമതിയില്ലാതെ ഡല്‍ഹി വിട്ടുപോകരുതെന്ന ഉപാധിയോടെയാണ് ജാമ്യം. കേസ് പരിഗണിക്കുന്ന സിബിഐ പ്രത്യേക കോടതി ജഡ്ജി ഒ.പി. സെയ്നിയാണ് ജാമ്യം അനുവദിച്ചത്. കേസില്‍ ജാമ്യം ലഭിക്കുന്ന അവസാന പ്രതിയാണ് രാജ. നേരത്തെ കനിമൊഴി ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചപ്പോള്‍ രാജ ജാമ്യത്തിന് അപേക്ഷ നല്‍കിയിരുന്നില്ല. കേസിലെ മറ്റ് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചതായും അതിനാല്‍ രാജയ്ക്കും ജാമ്യത്തിന് അര്‍ഹതയുണ്ടെന്നുമായിരുന്നു അദ്ദേഹത്തിന്റെ അഭിഭാഷകന്റെ വാദം. അന്വേഷണ ഉദ്യോഗസ്ഥരുമായി അദ്ദേഹം സഹകരിച്ചതായും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. അതേസമയം സിബിഐ ജാമ്യാപേക്ഷയെ എതിര്‍ത്തു. 2011 ഫെബ്രുവരി 2 നാണ് രാജ അറസ്റിലായത്. ജാമ്യം ലഭിച്ചേക്കുമെന്ന സൂചനയുണ്ടായതിനെ തുടര്‍ന്ന് ഡിഎംകെ അണികള്‍ കോടതി പരിസരത്ത് രാവിലെ മുതല്‍ എത്തിയിരുന്നു. രാജയ്ക്ക് അനുകൂലമുദ്രാവാക്യങ്ങള്‍ മുഴക്കിയാണ് സന്തോഷവാര്‍ത്തയെ ഇവര്‍ വരവേറ്റത്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം