ബോപ്പണ്ണക്കും സോംദേവിനും ജയം ഇന്ത്യ ലോകഗ്രൂപ്പില്‍

September 20, 2010 ദേശീയം

ചെന്നൈ: ഡേവിസ് കപ്പ് ടെന്നീസില്‍ ഇന്ത്യക്ക് ജയം. ലിയാന്‍ഡര്‍ പേസ്, മഹേഷ് ഭൂപതി സഖ്യത്തിനുപിന്നാലെ രോഹന്‍ ബോപ്പണ്ണയും സോംദേവ് ദേവ്‌വര്‍മനും രണ്ട് റിവേഴ്‌സ് സിംഗിള്‍സ് മത്സരങ്ങളും ജയിച്ചതോടെ ബ്രസീലിനെ മറികടന്ന് ഇന്ത്യ ലോകഗ്രൂപ്പിലേക്ക് മുന്നേറി (3-2). ആദ്യ രണ്ട് സിംഗിള്‍സ് മത്സരങ്ങളും തോറ്റശേഷമാണ് റാങ്കിങ്ങില്‍ ഏറെ മുന്നിലുള്ള ബ്രസീലിനെതിരെ ഇന്ത്യ അവിസ്മരണീയ തിരിച്ചുവരവ് നടത്തിയത്.

കരുത്തരായ ഓസ്‌ട്രേലിയക്കെതിരെ 1987-ല്‍ സെമിയിലും ഫ്രാന്‍സിനെതിരെ 1991-ല്‍ ക്വാര്‍ട്ടറിലും നേടിയ അവിശ്വസനീയ ജയങ്ങളെ അനുസ്മരിപ്പിക്കുന്ന പ്രകടനമായി ചെന്നൈയില്‍ ഇന്ത്യയുടേത്. ഇത്തവണ യു.എസ്. ഓപ്പണില്‍ ഡബിള്‍സ് ഫൈനല്‍ കളിച്ചതിന്റെ ആവേശവുമായി എത്തിയ രോഹന്‍ ബോപ്പണ്ണയാണ് ഇന്ത്യയുടെ താരമായത്.

പേസ്-ഭൂപതി കൂട്ടുകെട്ട് രണ്ടാംദിനം നേടിയ ഡബിള്‍സിലെ ജയമാണ് ഇന്ത്യന്‍ തിരിച്ചുവരവിന് തുടക്കമിട്ടത്. ആദ്യമായാണ് ആദ്യ രണ്ടു കളികള്‍ തോറ്റശേഷം ഇന്ത്യ ഡേവിസ് കപ്പ് മത്സരം സ്വന്തമാക്കുന്നത്. അര്‍ഹിച്ച ജയമാണ് ഇന്ത്യ നേടിയതെന്ന് പേസ് അഭിപ്രായപ്പെട്ടു. ആറടി എട്ടിഞ്ചുകാരനായ ബലൂച്ചിക്കെതിരെ സോംദേവ് നടത്തിയ പ്രകടനത്തെ പേസ് പ്രശംസിച്ചു. സോംദേവിനും ബോപ്പണക്കുമാണ് ഈ വിജയത്തിന് അവകാശം-ഡേവിസ് കപ്പില്‍ 20 വര്‍ഷം തികയ്ക്കുന്ന പേസ് പറഞ്ഞു.

ലോകഗ്രൂപ്പില്‍ കഴിഞ്ഞവര്‍ഷം ആദ്യകളിയില്‍ റഷ്യയോട് തോറ്റതിനെത്തുടര്‍ന്നാണ് ഇന്ത്യയ്ക്ക് വീണ്ടും പ്ലേ ഓഫ് കളിക്കേണ്ടിവന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം