സച്ചിന്‍ രാജ്യസഭാംഗമാകുന്നതില്‍ നിന്ന് വിലക്കണമെന്ന ആവശ്യം ഹൈക്കോടതി നിരാകരിച്ചു

May 16, 2012 ദേശീയം

ന്യൂഡല്‍ഹി: സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യുന്നതില്‍ നിന്ന് വിലക്കണമെന്ന ആവശ്യം ഡല്‍ഹി ഹൈക്കോടതി നിരാകരിച്ചു. മുന്‍ ഡല്‍ഹി എംഎല്‍എ ആയിരുന്ന രാം ഗോപാല്‍ സിങ് സിസോഡിയ ആണ് പൊതുതാല്‍പര്യ ഹര്‍ജി ഫയല്‍ ചെയ്തത്. ഹര്‍ജിയില്‍ ജൂലൈ നാലിനകം നിലപാടറിയിക്കാന്‍ കേന്ദ്രത്തോടു കോടതി ആവശ്യപ്പെട്ടു. ആക്ടിങ് ചീഫ് ജസ്റ്റിസ് എ.കെ. സിക്രിയും ജസ്റ്റിസ് രാജീവ് സഹായ്‌യും ഉള്‍പ്പെട്ട ബെഞ്ചാണ് പൊതുതാല്‍പ്പര്യ ഹര്‍ജി നിരാകരിച്ചത്.

രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതില്‍ കായികതാരത്തെ ഉള്‍പ്പെടുത്തുന്നതിനു സ്വീകരിച്ച മാനദണ്ഡം എന്തെന്നു ചോദിച്ച കോടതി കേന്ദ്രത്തോടു ഉത്തരം നല്‍കണമെന്ന് അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ എ.എസ്. ചന്ദിയോകിനോടു ആവശ്യപ്പെട്ടു. എന്നാല്‍ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യാനുള്ള അധികാരം രാഷ്ട്രപതിയുടെ അധികാര പരിധിയില്‍ പെടുന്നതാണെന്നും അതില്‍ കോടതിക്ക് ഇടപെടാന്‍ അധികാരമില്ലെന്നും അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ അറിയിച്ചു.

കല, ശാസ്ത്രം, സാഹിത്യം, സോഷ്യല്‍ സയന്‍സ് എന്നീ വിഭാഗങ്ങളില്‍ നിന്നുള്ളവരെ മാത്രമേ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 80 പ്രകാരം രാഷ്ട്രപതിക്കു നാമനിര്‍ദേശം ചെയ്യാന്‍ കഴിയുകയുള്ളെന്നു സിസോഡിയ വാദിച്ചു. കായികതാരത്തെ നാമനിര്‍ദേശം ചെയ്തത് ഭരണഘടനാവിരുദ്ധമാണെന്നും വാദിക്കാരന്‍ അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം