51 ഗായകര്‍ പാടിയ ദേശീയോദ്ഗ്രഥന ഗാനം പ്രകാശനം ചെയ്തു

May 17, 2012 കേരളം

തിരുവനന്തപുരം: ഹം ഏക് ഹെ സദാ കേലിയെ… ഉസ്താദ് ഗുലാം മുസ്തഫാഖാന്റെ ഗംഭീര നാദം മുഴങ്ങി. ഗാനം കേട്ടതിനുശേഷം മുഖ്യമന്ത്രിയും മന്ത്രിമാരും സദസ്യരും എഴുന്നേറ്റുനിന്നു കൈകള്‍ കോര്‍ത്തുപിടിച്ചു. പതിനേഴു ഭാഷകളിലായി 51 ഗായകര്‍ പാടിയ ദേശീയോദ്ഗ്രഥന ഗാനം വണ്‍ ന്റെ വീഡിയോ പ്രകാശന ചടങ്ങിലാണ് മുഖ്യമന്ത്രിയും ഗായകരും സാംസ്കാരിക പ്രവര്‍ത്തകരും അഹിംസയും സാഹോദര്യവും ആഹ്വാനം ചെയ്യുന്ന ഗാനത്തിനൊപ്പം കൈകള്‍ ചേര്‍ത്തുപിടിച്ചത്.

കേരളത്തിലെ ആദ്യകാല റോക്ക് ബാന്‍ഡുകളിലൊന്നായ 13 എഡിയിലൂടെ തൊണ്ണൂറുകളെ ഇളക്കിമറിച്ച ജോര്‍ജ് പീറ്ററും മന്ത്രി പി.ജെ. ജോസഫിന്റെ മകന്‍ അപ്പുവും ചേര്‍ന്ന വലിയൊരു കൂട്ടായ്മയാണ് ഗാനം പുറത്തിറക്കിയത്.

കെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര, ഉഷാ ഉതുപ്പ്, ജാവേദ് അലി, ശങ്കര്‍ മഹാദേവന്‍, ശിവമണി തുടങ്ങി 150 ഓളം പ്രമുഖര്‍ വീഡിയോയില്‍ അണിനിരക്കുന്നു.

മസ്കറ്റ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രകാശനകര്‍മം നിര്‍വഹിച്ചു. മന്ത്രിമാരായ പി.കെ അബ്ദുറബ്, കെ.ബി. ഗണേഷ് കുമാര്‍, പി.ജെ. ജോസഫ്, കവയിത്രി സുഗതകുമാരി, സ്വാമി സന്ദീപ് ചൈതന്യ, പാളയം ഇമാം മൌലവി ജമാലുദ്ദീന്‍ മങ്കട, തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച്ബിഷപ് ഡോ. എം. സൂസപാക്യം, ഗായകന്‍ കാവാലം ശ്രീകുമാര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം