റഷ്യന്‍ വിമാനദുരന്തം: ബ്ളാക് ബോക്സ് കണ്ടെടുത്തു

May 17, 2012 രാഷ്ട്രാന്തരീയം

ജക്കാര്‍ത്ത: ഇന്തോനേഷ്യന്‍ തലസ്ഥാനമായ ജക്കാര്‍ത്തയ്ക്കടുത്തു തകര്‍ന്നുവീണ റഷ്യന്‍ നിര്‍മിത സുഖോയ് സൂപ്പര്‍ ജെറ്റ് വിമാനത്തിന്റെ ബ്ളാക്ബോക്സിലെ കോക്പിറ്റ് വോയിസ് റിക്കാര്‍ഡര്‍ കണ്ടെടുത്തു. ഇക്കഴിഞ്ഞ ഒമ്പതിനുണ്ടായ ദുരന്തത്തില്‍ 45 പേര്‍ കൊല്ലപ്പെട്ടിരുന്നു. ബ്ളാക്ബോക്സിന്റെതന്നെ ഭാഗമായ ഫ്ളൈറ്റ് ഡേറ്റാ റിക്കാര്‍ഡര്‍ കൂടി കണ്ടെത്തേണ്ടതുണ്ട്. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്കുശേഷം റഷ്യ നിര്‍മിച്ച നൂറു സീറ്റുള്ള സുഖോയ് സൂപ്പര്‍ ജറ്റ് യാത്രാവിമാനം ഏഷ്യന്‍ രാജ്യങ്ങള്‍ക്കു പരിചയപ്പെടുത്തുന്നതിനും വില്‍ക്കുന്നതിനുമുള്ള പര്യടനത്തിന്റെ ഭാഗമായാണ് എസ്എസ്ജെ-100 (സുഖോയ് സൂപ്പര്‍ജറ്റ്-100)ടീം ഇന്തോനേഷ്യയിലെത്തിയത്. ക്ഷണിക്കപ്പെട്ട അതിഥികളുമായി ഒമ്പതിന് ഉച്ചകഴിഞ്ഞ് ജക്കാര്‍ത്തയിലെ ഹാലിം വിമാനത്താവളത്തില്‍നിന്ന് രണ്ടാമത്തെ പ്രദര്‍ശന പറക്കലിനു പോയ വിമാനം റഡാറില്‍ നിന്ന് അപ്രത്യക്ഷമാകുകയും ജക്കാര്‍ത്തയ്ക്കു തെക്ക് മൌണ്ട്സലാക് അഗ്നിപര്‍വത പ്രാന്തത്തില്‍ തകര്‍ന്നുവീഴുകയുമായിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം