തിരുവന്‍വണ്ടൂര്‍ ഗജമേള 19 ന്

May 17, 2012 ക്ഷേത്രവിശേഷങ്ങള്‍

ചെങ്ങന്നൂര്‍: മധ്യതിരുവിതാംകൂറിലെ അപൂര്‍വ കാഴ്ചകളിലൊന്നായ തിരുവന്‍വണ്ടൂര്‍ ഗജ ഘോഷയാത്രയും, ഗജമേളയും 19 ന് നടക്കും. കുടമാറ്റവും സംഘടിപ്പിച്ചിട്ടുണ്ട്.
ഗോശാലകൃഷ്ണ ക്ഷേത്രത്തില്‍ 51 ദിവസമായി നടന്നുവരുന്ന വിഗ്രഹ ലബ്ദി സ്മാരക മഹായജ്ഞത്തിന് സമാപനം കുറിച്ചാണ് ഈ പരിപാടി. ഗവ.ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ വൈകുന്നേരം 4.30 ന് ആരംഭിക്കുന്ന ഗജമേളയില്‍ 20 ല്‍ പരം ആനകളെ അണിനിരത്തുമെന്ന് സംഘാടകര്‍ അറിയിച്ചു.

തൃശൂര്‍ പൂരത്തിന്റെ അമരക്കാരന്‍ തിരുവല്ല രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ 30 ല്‍പരം കലാകാരന്‍മാര്‍ പങ്കെടുക്കുന്ന പഞ്ചാരിമേള ഗജമേളയ്ക്ക് കൊഴുപ്പേകും. ഉച്ചയ്ക്ക് രണ്ടിന് 25 ഗരാജാക്കന്മാരെ അണിനിരത്തി ചെങ്ങന്നൂര്‍ തൃച്ചിറ്റാറ്റ് മഹാക്ഷേത്രത്തില്‍ നിന്നും ഘോഷയാത്ര ആരംഭിക്കും.

ഘോഷയാത്ര എംസിറോഡ് വഴി തിരുവന്‍വണ്ടൂര്‍ എത്തിയതിന് ശേഷം ഗജമേളയ്ക്ക് തിരിതെളിയും. മേളയ്ക്ക് മുന്നോടിയായി 18 ന് രാവിലെ 9.30 ന് ക്ഷേത്രാങ്കണത്തില്‍ ഒരുക്കുന്ന ആനച്ചമയപ്രദക്ഷിണം ദേവസ്വംബോര്‍ഡ് കമ്മീഷണര്‍ എന്‍.വാസു ഉദ്ഘാടനം ചെയ്യും.

10.15 ന് ഗോദാനവും തുടര്‍ന്ന് സമൂഹ സദ്യയും, സമൂഹപ്രാര്‍ഥനയും. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. രാത്രി 7 മുതല്‍ സംഗീത സദസ് , 9.30 മുതല്‍ നൃത്ത സന്ധ്യയും നടക്കും. മോഹനന്‍ വലിയ വീട്ടില്‍ (ചെയര്‍മാന്‍), സജു ഇടക്കല്ലില്‍ (ജന.കണ്‍വീനര്‍), മുരളീധരന്‍ (സെക്രട്ടറി) എന്നിവരുള്‍പ്പെട്ട കമ്മിറ്റി പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - ക്ഷേത്രവിശേഷങ്ങള്‍