ഷാരൂഖിനെതിരെ മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ പോലീസില്‍ പരാതി നല്‍കി

May 17, 2012 കായികം

മുംബൈ: ബോളിവുഡ് നടന്‍ ഷാരൂഖ് ഖാനെതിരെ മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ പോലീസില്‍ പരാതി നല്‍കി. ഇന്ത്യന്‍ ക്രിക്കറ്റ് പ്രീമിയര്‍ ലീഗിലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമിന്റെ ഉടമകളിലൊരാളാണ് ഷാരൂഖ് ഖാന്‍. കഴിഞ്ഞദിവസം വാങ്കഡെ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തിനിടെ ഷാരൂഖ് ഖാന്‍ സുരക്ഷ ഉദ്യോഗസ്ഥരോട് മോശമായി പെരുമാറിയെന്ന് കാണിച്ചാണ് പരാതി നല്‍കിയിരിക്കുന്നത്. ഖാനെ സ്റ്റേഡിയത്തില്‍ പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കാന്‍ ആവശ്യപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഷാരൂഖിനെതിരെ ക്രിക്കറ്റ് അസോസിയേഷന്‍ ബി.സി.സി.ഐയ്ക്കും പരാതി നല്‍കിയിട്ടുണ്ട്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും മുംബൈ ഇന്ത്യന്‍സും തമ്മില്‍ കഴിഞ്ഞദിവസം നടന്ന മത്സരത്തിനിടെ ഷാരൂഖും അംഗരക്ഷകരും മൈതാനത്തിലേക്ക് കടക്കാന്‍ ശ്രമിക്കുകയും തടയാന്‍ ശ്രമിച്ച സുരക്ഷാ ഉദ്യോഗസ്ഥന്‍മാരെ കയ്യേറ്റം ചെയ്യാനും അസോസിയേഷന്‍ പ്രസിഡന്റായ വിലാസ്‌റാവു ദേശ്മുഖ് ഉള്‍പ്പെടെയുള്ളവരോട് മോശമായി പെരുമാറിയതുമാണ് പരാതിക്ക് കാരണം. മുംബൈ മറൈന്‍ ഡ്രൈവ് പോലീസ് സ്‌റ്റേഷനിലാണ് പരാതി നല്‍കിയിട്ടുള്ളത്.

കൂടുതല്‍ വാര്‍ത്തകള്‍ - കായികം